നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും; 2 ജില്ലകളിൽ തുടക്കം

news image
Sep 9, 2025, 1:22 pm GMT+0000 payyolionline.in

സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. വിജയം കണ്ടാൽ ജനുവരി മുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്തെ 285 ഔട്ട്ലെറ്റുകളിലും നടപ്പിലാക്കും.

ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുന്നത്. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്.

പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.അതേസമയം സംസ്ഥാനത്ത് ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 11 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാ​ഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe