നാളെ അവർ എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടച്ചേക്കാം; അങ്ങനെ സർക്കാരുകളെ അട്ടിമറിക്കാം -കെജ്രിവാൾ

news image
Feb 8, 2024, 12:03 pm GMT+0000 payyolionline.in

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ആയുധമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നും ആരെ ജയിലിലടക്കണമെന്നത് അവരാണ് തീരുമാനിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ജന്തർമന്തറിൽ കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പൊക്കെ ഒരാൾ കുറ്റക്കാരനെന്ന് കണ്ടാൽ മാത്രമേ ജയിലിലടക്കുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് ജയിലിലടച്ചതിന് ശേഷമാണ് അയാൾക്കെതിരെ ഏത് കേസെടുക്കണമെന്ന് ആലോചിക്കുന്നത്. കേസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഹേമന്ത് സോറനെ ജയിലിലടച്ചു. നാളെ അവർക്ക് എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടക്കാം. അങ്ങനെ സർക്കാരിനെ അട്ടിമറിക്കാം.-കെജ്‍രിവാൾ പറഞ്ഞു.

തങ്ങൾ ഈ സമരപ്പന്തലിൽ വന്നിരിക്കുന്നത് യാചിക്കാനോ കുടുംബത്തിന് വേണ്ടി എന്തെങ്കിലും ചോദിക്കാനോ അല്ലെന്നും കിട്ടാനുള്ള കേന്ദ്രഫണ്ടിന് വേണ്ടിയാണെന്നും കെജ്‍രിവാൾ ഓർമിപ്പിച്ചു. നിങ്ങൾ ഞങ്ങൾക്ക് ഫണ്ട് നൽകിയില്ലെങ്കിൽ എങ്ങനെ റോഡുകൾ നിർമിക്കും, വൈദ്യുതി നൽകും, വികസനത്തിന് വേണ്ടി പ്രവർത്തിക്കും?-കെജ്രിവാൾ ചോദിച്ചു. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം യുദ്ധം ചെയ്യുകയാണെന്നും പ്രതിപക്ഷ സർക്കാരുകളെ ദ്രോഹിക്കാൻ അവർ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണെന്നും കെജ്രിവാൾ വിമർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe