നാല് ഭീഷണികൾ: ചട്ടലംഘനം, വ്യാജപ്രചാരണം, ‘മസിൽ – മണി’ പവർ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

news image
Mar 17, 2024, 3:41 am GMT+0000 payyolionline.in

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിന് തങ്ങൾക്ക് മുമ്പിലുള്ളത് നാലു ഭീഷണികളാണെന്നും ‘മസിൽ – മണി’ പവറും ചട്ടലംഘനവും വ്യാജപ്രചാരണവുമാണ് അവയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ.

ഈ നാല് ഭീഷണികളും കർക്കശമായി നേരിടും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പണം പിടികൂടിയ ഗുജറാത്താണ് മണിപവറിൽ മുന്നിലെന്ന കണക്കുകളും കമീഷൻ പുറത്തുവിട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ ചട്ടലംഘന പരാതികളിൽ നടപടിയെടുക്കാത്ത കമീഷൻ പ്രതിപക്ഷ നേതാക്കളുടെ മാത്രം ചട്ടലംഘനം കാണുന്നുവെന്ന പരാതി മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ എല്ലാ പരാതികളിലും നടപടിയെടുത്തിട്ടുണ്ടെന്നായിരുന്നു മറുപടി. ‘മോഡൽ കോഡ് ഓഫ് കണ്ടക്റ്റ്’ പക്ഷപാതപരമാക്കി ‘മോദി കോഡ് ഓഫ് കണ്ടക്റ്റ്’ ആക്കിയെന്ന പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപത്തിനും കമീഷൻ വ്യക്തമായ മറുപടി നൽകിയില്ല.

വ്യാജ പ്രചാരണങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളും അനുവദിക്കില്ലെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിൽ രക്തച്ചൊരിച്ചിൽ അനുവദിക്കില്ലെന്നും കൈയൂക്കിനെ കർശനമായി നേരിടാൻ ആവശ്യമായ കേന്ദ്ര സായുധ സേനയെ വിന്യസിക്കുമെന്നും കമീഷൻ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽനിന്ന് 802 കോടിയാണ് പിടികൂടിയത്. മണി പവറിന്റെ കാര്യത്തിൽ 2847 ശതമാനം വർധന രേഖപ്പെടുത്തി. തെലങ്കാനയിൽനിന്ന് 778 കോടിയും രാജസ്ഥാനിൽ നിന്ന് 704 കോടിയും കർണാടകയിൽനിന്ന് 358 കോടിയും മധ്യപ്രദേശിൽനിന്ന് 332 കോടിയും പിടികൂടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe