തിരുവനന്തപുരം: വർക്കലയിൽ മകളുടെ കല്യാണ ദിവസം കൊല്ലപ്പെട്ട രാജുവിനെ പ്രതികൾ ക്രൂരമായി മർദിച്ചെന്ന് ഭാര്യ ജയ. മൺവെട്ടി കൊണ്ട് അടിച്ച ശേഷം രാജുവിനെ റോഡിലൂടെ വലിച്ചിഴച്ചെന്നും ജയ പറഞ്ഞു. അതേസമയം, കേസിലെ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
വലിയവിളാകം ശ്രീലക്ഷ്മിയിൽ വീട്ടിൽ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. മരണ വീടായി മാറിയ വിവാഹ വീട്ടിലെ കണ്ണീർ ഇന്നലെ കേരളമാകെ ഏറ്റെടുത്തിരുന്നു. അയൽവാസികളായ ജിഷ്ണുവും ജിജിനും സംഘവും അപ്രതീക്ഷിതമായാണ് രാത്രി സൽക്കാരപ്പാർട്ടി കഴിഞ്ഞ ശേഷം വീട്ടിലെത്തി ആക്രമിച്ചതെന്ന് രാജുവിന്റെ മകൾ ശ്രീലക്ഷ്മി പറയുന്നു. കാറിലെത്തിയ നാലംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെയാണ് മർദ്ദനം തുടങ്ങിയത്. രാജുവിന്റെ തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ തന്നെ പിടിയിലായ ജിഷ്ണു, സഹോദരൻ ജിജിൻ, ശ്യാംകുമാർ, മനു എന്നിവർ കുറ്റം സമ്മിതിച്ചിട്ടുണ്ട്. സംഭവ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം. വൈദ്യ പരിശോധനക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.