കൊച്ചി: നാമജപ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പൊലീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈകോടതിയിൽ. സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാനാണ് സംഘടന വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹരജി നൽകിയത്.
ആഗസ്റ്റ് രണ്ടിന് വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം ‘ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ മുദ്രാവാക്യവുമായി നടത്തിയ നാമജപ യാത്രയെ തുടർന്ന് തന്നെയും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പ്രവർത്തകരെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് രാജ വിജയരാഘവൻ ഇത് തിങ്കളാഴ്ച പരിഗണിച്ചേക്കും.
നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസ്സപ്പെടുത്തൽ, പൊലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അനുമതിയില്ലാതെ വാഹനങ്ങളിൽ മൈക്ക് ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കിയെന്നും മാർഗതടസ്സമുണ്ടാക്കാതെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും വൈകീട്ട് ആറര വരെ നാമജപയാത്ര തുടർന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ, മാർഗതടസ്സമുണ്ടാക്കിയിട്ടില്ലെന്നും പൊലീസിന്റെ ആരോപണങ്ങൾ നിലനിൽക്കില്ലെന്നുമാണ് ഹരജിയിലെ വാദം.