മാനന്തവാടി: ഓടിക്കൊണ്ടിരിക്കെ വാഹനത്തില്‍ തീപടര്‍ന്നുണ്ടായ അപകടത്തില്‍ ആളപായം ഒഴിവായത് തലനാരിഴക്ക്. മാനന്തവാടിക്കടുത്ത എടവകയിലാണ് ഓടിക്കൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചത്. എടവക അമ്പലവയല്‍ ജംഗ്ഷന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. വാഹന ഉടമ എടവക രണ്ടേനാല്‍ മന്ദംകണ്ടി യാസിന്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതിനാലാണ് അപകടം ഒഴിവായത്.നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മാനന്തവാടി അഗ്‌നിരക്ഷ യൂണിറ്റംഗങ്ങളാണ് തീ അണച്ചത്.
കാറിന്റെ ഇന്റീരിയറും പുറകിലെ സീറ്റുകളും കത്തി നശിച്ചു. എഞ്ചിനിലേക്കും തീപടര്‍ന്നിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഷോര്‍ട്ട് സര്‍ക്യട്ടാണെന്നാണ് പ്രാഥമിക നിഗമനം. സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ റെസ്‌ക്യ ഓഫീസര്‍മാരായ പി കെ അനീഷ്, കെ സുധീഷ്, വി ആര്‍ മധു, ആര്‍ സി ലെജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.