നാദാപുരം: നാദാപുരം മേഖലയിൽ ലൈസൻസില്ലാതെയും 18 വയസ്സ് തികയാതെയും ഇരുചക്രവാഹനം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ച് കുട്ടികൾ പിടിക്കപ്പെടുന്ന കേസുകളിൽ രക്ഷിതാക്കൾ പിഴ ഒടുക്കേണ്ടിവരുന്ന സംഭവങ്ങൾ നിരവധിയാണ്. 25,000 മുതൽ 30,000 രൂപ വരെയാണ് കോടതി പിഴ ചുമത്തുന്നത്. ശനിയാഴ്ച വൈകീട്ട് വിനോദ സഞ്ചാര മേഖലയിലേക്ക് രണ്ടു സ്കൂട്ടറിൽ പോയ 14നും 16നും ഇടയിൽ പ്രായമുള്ള അഞ്ചംഗ വിദ്യാർഥി സംഘത്തിന്റെ ഒരു സ്കൂട്ടർ അപകടത്തിൽപെടുകയും വിദ്യാർഥി മരിക്കുകയും ചെയ്തു
രണ്ട് വിദ്യാർഥികൾ സാരമായ പരിക്കേറ്റ് ചികിത്സയിലുമാണ്. ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിൽനിന്നും ചെങ്കുത്തായ താഴ്ചയിലേക്ക് വീണായിരുന്നു അപകടം. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് രാത്രിയിലും അവധി ദിവസങ്ങളിലും കുട്ടിഡ്രൈവർമാർ ബൈക്കുകളിൽ സഞ്ചരിക്കുന്നത് പതിവുകാഴ്ചയാണ്. നമ്പർ പ്ലേറ്റോ ലൈസൻസോ വേണ്ടാത്തതിനാൽ യു.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ പോലും ഇലക്ട്രോണിക് സ്കൂട്ടികളുമായി തിരക്കേറിയ നിരത്തുകളിലിറങ്ങുന്നത് അപകടഭീഷണിയായി മാറിയിരിക്കുകയാണ്. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവാണ് കുട്ടികൾ അപകടത്തിൽപെടുന്നതിന് പ്രധാന കാരണമായി പൊലീസും ബന്ധപ്പെട്ടവരും പറയുന്നത്. നാദാപുരം, വളയം, എടച്ചേരി സ്റ്റേഷനിൽ അടുത്ത കാലത്ത് കുട്ടികൾ വണ്ടിയോടിച്ചതുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അപകടം കുറക്കാനും പരിഹരിക്കാനുള്ള ജാഗ്രതയാണ് സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നിരിക്കെ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കൂടിവരുകയാണ്..
