നാദാപുരം: പേരോട് കാറിലിരുന്ന് പടക്കം പൊട്ടിച്ചു ഗുരുതരമായി പരുക്കേറ്റ ഇയ്യങ്കോട് സ്വദേശി പൂവുള്ളതിൽ ഷഹറാസിനെ(33) കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബന്ധു പൂവുള്ളതിൽ റയീസ്(26) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൈപ്പത്തിക്ക് ഗുരുതര പരുക്കേറ്റ ഷഹറാസിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇരുവർക്കും എതിരെ പൊതുജനങ്ങളുടെ ജീവനു ഹാനികരമാകും വിധത്തിൽ പ്രവർത്തിച്ചതിനും പൊതുസ്ഥലത്ത് വച്ച് സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും കേസെടുത്തിട്ടുണ്ട്.
ഇവർ സഞ്ചരിച്ച കാറിന്റെ മുൻപിലെയും സൈഡിലെയും ചില്ലുകൾ തകർന്ന നിലയിലാണ്. സീറ്റ് കവറും മറ്റും ചിന്നിച്ചിതറി. രക്തം പുരണ്ട നിലയിലുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. പരുക്കേറ്റ 2 പേർക്കു പുറമേ, കാറിലുണ്ടായിരുന്ന മറ്റുള്ളവർ ആരൊക്കെയായിരുന്നു എന്നും ഇവർക്ക് പടക്കം പൊട്ടിക്കലുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പരുക്കേറ്റവർ ആശുപത്രി വിടുന്ന മുറയ്ക്ക് കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തീരുമാനം.