തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ വ്യാപകനാശം. രണ്ടു പേർ മരിച്ചു. നിരവധി വീടുകൾ തകർന്നു. ചാലക്കുടിയിലുണ്ടായ മിന്നൽച്ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി. കണ്ണൂരിൽ വെള്ളക്കെട്ടിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സിറ്റി നാലുവയൽ കോണത്ത് താഴത്ത് വീട്ടിൽ ബഷീറാണ് (50) മരിച്ചത്. സിറ്റി നാലുവയൽ റോഡിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കോഴിക്കോട്ട് ചൊവ്വാഴ്ച ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ. ഉസ്സൻകുട്ടിക്കായി (65) തിരച്ചിൽ തുടരുന്നതിനിടെ ബുധനാഴ്ച രണ്ടുപേരെ കൂടി കാണാതായി. വടകര അഴിയൂർ കോറോത്ത് റോഡിൽ സലീഷ് കുമാറിയെും (42), ചോറോട് പുളിയുള്ളതിൽ ബിജീഷിനെയുമാണ് (22) കാണാതായത്. ചൊവ്വാഴ്ച അമ്പലപ്പുഴ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ബിഹാർ സ്വദേശി രാജ് കുമാറിന്റെ (23) മൃതദേഹം കണ്ടെത്തി. ഇന്ത്യൻ റെയർ എർത്ത്സ് കമ്പനിയിലെ എക്സ്കവേറ്റർ ജീവനക്കാരനാണ് ബുധനാഴ്ച രാവിലെ പൊഴിയുടെ തെക്ക് ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് വൻ കൃഷി നാശവും സംഭവിച്ചു. മരം വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം നിലച്ചു. ജലനിരപ്പ് ഉയർന്നതിനാൽ ഡാമുകൾ തുറന്നു വിട്ടു.
ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. അതിശക്ത മഴ തുടരാനുള്ള സാധ്യത മുൻനിർത്തി വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാമ്പുകൾ തുറന്നു. തൃശൂരിൽ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസർകോട് ജില്ലകളിൽ ഒന്നു വീതവും ക്യാമ്പുകൾ തുറന്നു. കണ്ണൂർ ജയിലിലെ സുരക്ഷ മതിൽ മഴയിൽ തകർന്നു. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ആഞ്ഞടിച്ച മിന്നൽച്ചുഴലിയിൽ അഞ്ഞൂറിലേറെ മരങ്ങൾ നിലംപൊത്തുകയും രണ്ടായിരത്തിലേറെ വാഴകൾ നശിക്കുകയും ചെയ്തു. മിന്നല് ചുഴലിയിലും തീവ്ര മഴയിലും വൈദ്യുതിവിതരണ ശൃംഖലക്ക് വലിയ നാശം സംഭവിച്ചെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തൃക്കൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. മഴക്കെടുതിയിൽ പത്തനംതിട്ട തിരുവല്ലയിൽ നിരണം പനച്ചിമൂട് എസ് മുക്ക് ജങ്ഷനു സമീപത്തെ ഏകദേശം 135 വർഷം പഴക്കമുള്ള സി.എസ്.ഐ പള്ളി തകർന്നു.
കാലാവസ്ഥ മോശമായതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കയാക്കിങ് ബോട്ടുകൾ എന്നിവയുടെ സർവിസ് നിർത്തി വെക്കാൻ കലക്ടർ നിർദേശം നൽകി.