ജവഹർ നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ 2025-26 സെഷനിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് ദേശീയതലത്തിൽ ഫെബ്രുവരി എട്ടിന് നടത്തും. വിശദവിവരങ്ങൾ https://navodaya.gov.inൽ ലഭിക്കും.
ഗ്രാമീണ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ആധുനിക വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുകയാണ് നവോദയ വിദ്യാലയങ്ങളുടെ ലക്ഷ്യം. ബോർഡിങ്, ലോഡ്ജിങ്, യൂനിഫോം, ടെക്സ്റ്റ് ബുക്കുകൾ, സ്റ്റേഷനറി ഉൾപ്പെടെ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. സി.ബി.എസ്.ഇ അഫിലിയേഷനിൽ 12ാം ക്ലാസ് വരെ പഠിക്കാം. പ്രവേശന യോഗ്യത: നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവർക്കാണ് പ്രവേശനം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2024-25 വർഷം അതത് ജില്ലയിലെ ഗവൺമെന്റ്/അംഗീകൃത സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരാകണം. 1.5.2010നും 31.7.2012നും മധ്യേ ജനിച്ചവരാകണം.
സെലക്ഷൻ ടെസ്റ്റിന് ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിൽ ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. 11-ാം ക്ലാസ് പ്രവേശനത്തിന് ബന്ധപ്പെട്ട ജില്ലയിൽ 2024-25 വർഷം ഗവൺമെന്റ്/അംഗീകൃത സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. 1.6.2008നും 31.7.2010നും മധ്യേ ജനിച്ചവരാകണം.
സെലക്ഷൻ ടെസ്റ്റിൽ മെന്റൽ എബിലിറ്റി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് ആൻഡ് സോഷ്യൽ സയൻസ് വിഷയങ്ങളിൽ OMR അധിഷ്ഠിത ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാവും. സെലക്ഷൻ ടെസ്റ്റ് സിലബസും സെലക്ഷൻ നടപടികളും വെബ്സൈറ്റിൽ പ്രോസ്പെക്ടസിൽ ലഭിക്കും