തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ. രാജൻ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ നവീൻ ബാബു മനഃപൂർവം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചത്. നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി പി.പി. ദിവ്യ ആസൂത്രണം നടത്തിയെന്നും ചൂണ്ടിക്കാട്ടുന്ന ലാൻഡ് റവന്യൂ ജോയൻറ് കമീഷണറുടെ റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ദിവ്യ പറഞ്ഞതു കൊണ്ടാണ് ഷൂട്ട് ചെയ്യാനെത്തിയതെന്നും പരിപാടിക്കു ശേഷം ദിവ്യ ആവശ്യപ്പെട്ട പ്രകാരം വിഡിയോ ഫൂട്ടേജ് കൈമാറിയെന്നും പ്രാദേശിക ചാനൽ പ്രതിനിധികളും മൊഴി നൽകിയിട്ടുണ്ട്.
നിശ്ചയിച്ച ദിവസം അവധി പ്രഖ്യാപിച്ചതിനാൽ എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് മാറ്റിയിരുന്നുവെന്ന് ലാൻഡ് റവന്യൂ ജോയൻറ് കമീഷണറുടെ റിപ്പോർട്ട്. അന്ന് പി.പി. ദിവ്യ കലക്ടറെ പലതവണ വിളിച്ചു. ഫോൺ സംഭാഷണത്തിൽ കലക്ടറുടെ ഓഫിസ് സ്റ്റാഫിനെതിരെ സുപ്രധാന വിവരം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞതായി കലക്ടറുടെ മൊഴിയുണ്ട്.
യാത്രയയപ്പ് പരിപാടിക്കിടെ കലക്ടറോട് ദിവ്യ നവീൻ ബാബുവിനെ പറ്റി ആരോപണമുന്നയിച്ചു. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിൽ മനഃപൂർവം കാലതാമസം വരുത്തിയതായെന്നാണ് അറിയിച്ചത്. പരാതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ തെളിവില്ലെന്നും എന്നാൽ, താൻ വിടില്ലെന്നും ദിവ്യ പറഞ്ഞു.
ഉച്ചയോടെ നാലുതവണ ദിവ്യയുടെ സഹായി കലക്ടറുടെ സഹായിയെ ഫോണിൽ വിളിച്ചു. നവീൻ ബാബുവിനെതിരായ ആരോപണം പറയാനെങ്കിൽ ഇതല്ല സമയമെന്ന് കലക്ടർ പറഞ്ഞെങ്കിലും ദിവ്യ ചടങ്ങിനെത്തി. ഒപ്പം പ്രാദേശിക ചാനൽ പ്രതിനിധികളുമെത്തി. ദിവ്യ പറഞ്ഞതു കൊണ്ടാണ് ഷൂട്ട് ചെയ്യാനെത്തിയതെന്ന് അവർ മൊഴി നൽകി. പരിപാടിക്കുശേഷം ദിവ്യ ആവശ്യപ്പെട്ട പ്രകാരം വിഡിയോ ഫൂട്ടേജ് കൈമാറി.
യാത്രയപ്പിനുശേഷം ദിവ്യ തന്നെ വിളിച്ച് നവീൻ ബാബുവിനെതിരെ സർക്കാറിന് പരാതി കിട്ടിയിട്ടുണ്ടെന്നും അടിയന്തര അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞതായി കലക്ടർ മൊഴി നൽകി. എന്നാൽ, ലാൻഡ് റവന്യൂ ജോയൻറ് കമീഷണർക്ക് ദിവ്യ നൽകിയ മൊഴിയിൽ ഒരു പരിപാടിക്കിടെ കലക്ടറാണ് യാത്രയയപ്പിലേക്ക് ക്ഷണിച്ചതെന്നാണുള്ളത്. ദിവ്യയെ താനടക്കം ആരും യാത്രയയപ്പിലേക്ക് ക്ഷണിച്ചില്ലെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി നൽകിയെന്ന് ദിവ്യ പറയുമ്പോഴും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് വിജിലൻസ് വ്യക്തമാക്കിയത്. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല. പെട്രോൾ പമ്പ് അപേക്ഷയിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.