കൊച്ചി: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം നടന്ന് ഒന്നരമാസം തികയാനിരിക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ. ഇതിനിടെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചു. കുറ്റപത്രത്തിൽ വരുന്നത് തെറ്റായ തെളിവുകളാകരുതെന്ന് കുടുംബം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കൊണ്ടുള്ള ഹരജിയിൽ ഡിസംബർ ഒൻപതിന് വിശദമായ വാദം നടക്കും.
മരണത്തിലേക്ക് നയിച്ച പി.പി. ദിവ്യയുടെ പ്രസംഗത്തിന് കാരണമായ കൈക്കൂലി ആരോപണം തൊട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ മന്ദഗതി വരെ സംശയത്തിനിടയാക്കുകയാണ്. സി.പി.എമ്മിനെയും സർക്കാറിനെയും കുഴക്കി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതോടെ നവീന്റെ കുടുംബത്തിലും പത്തനംതിട്ടയിലെ പാർട്ടിയിലും പുകയുന്ന പ്രതിഷേധം കൂടിയാണ് മറനീക്കിയത്.
ഒക്ടോബർ 14ന് കലക്ടറേറ്റിൽ എ.ഡി.എമ്മിന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും. പിറ്റേന്ന് ഏഴിനാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തിയതാണ് ആദ്യം വിവാദമായത്. ആത്മഹത്യക്കുറിപ്പ് ഉണ്ടെന്നും ഒളിപ്പിച്ചെന്നും പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് രണ്ടാമത്തെ വിവാദം. ബന്ധുക്കൾ എത്തും മുമ്പേ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതും വിവാദമായി.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, നവീന്റെ സഹോദരന്റെ പരാതി ലഭിച്ച് മൂന്നാംനാളിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കേസ് ചുമത്തി. ഇതോടെ, ദിവ്യ ഒളിവിൽ പോയി. മരണം നടന്ന് 15ാം നാളിൽ മുൻകൂർ ജാമ്യം നിഷേധിച്ച് കീഴടങ്ങുന്നതുവരെ ദിവ്യയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചു.
ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിന് കാരണമായ കൈക്കൂലി കഥയിൽ ഇനിയും വ്യക്തത വന്നില്ല. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അടിമുടി ദുരൂഹത. ഒപ്പിലും പേരിലും വരെ വൈരുധ്യം. എന്നിട്ടും അന്വേഷണം ആ വഴിക്ക് പോയില്ല. കൈക്കൂലി വാങ്ങിയതിന്റെ തെളിവൊന്നും ദിവ്യ ഹാജരാക്കിയതുമില്ല. പ്രശാന്തിനെതിരെ കാര്യമായ അന്വേഷണവും നടന്നില്ല. പെട്രോൾ പമ്പ് ഇടപാടിൽ ബിനാമിയെന്ന ആരോപണവും അന്വേഷിച്ചില്ല.
പമ്പിന് എൻ.ഒ.സി നൽകിയതിൽ എ.ഡി.എമ്മിന് വീഴ്ചയുണ്ടായില്ലെന്ന് റിപ്പോർട്ട് നൽകിയ കലക്ടർ പിന്നീട് മാറ്റിപറഞ്ഞു. ‘ഒരുതെറ്റുപറ്റി’യെന്ന് എ.ഡി.എം പറഞ്ഞതായി ലാൻഡ് റവന്യൂ വകുപ്പ് ജോ. കമീഷണർക്കും പൊലീസിനും കലക്ടർ മൊഴി നൽകി. യാത്രയയപ്പ് യോഗത്തിന് കലക്ടർ ക്ഷണിച്ചെന്ന് ദിവ്യയും ഇല്ലെന്ന് കലക്ടറും നൽകിയ മൊഴികൾ വേറെ. ഇതിനിടെ, നവീൻബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ കമീഷണർ എ. ഗീതയുടെ റിപ്പോർട്ട് വേറെ.
ഒക്ടോബർ 25ന് എ.ഡി.എമ്മിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നു. അതുവരെ അന്വേഷിച്ച ടൗൺ പൊലീസിനേക്കാൾ മന്ദഗതിയിലായി പിന്നീടുള്ള നീക്കങ്ങൾ. കുടുംബത്തിന്റെ മൊഴിപോലും എടുത്തിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടശേഷമാണ് ആ വഴിക്ക് അന്വേഷണ സംഘം ചിന്തിച്ചത്. ഈ നിലക്ക് പോയാൽ സി.ബി.ഐ അന്വേഷണം വേണ്ടിവരുമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻതന്നെ സൂചിപ്പിച്ചിരുന്നു.