കോഴിക്കോട്: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഘട്ടത്തിലുള്ള കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കാൻ ആവില്ലെന്നും സണ്ണി ജോസഫിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തിയിട്ടില്ല. ഇൻക്വസ്റ്റുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. അന്വേഷണ അവസ്ഥയിലുള്ള കേസിൽ, അന്വേഷണത്തെ ബാധിക്കുന്നതിനാൽ ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കഴിയില്ലെന്ന് സണ്ണിജോസഫിന് മറുപടി നൽകി.
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശം ഉണ്ടോ എന്ന സണ്ണിജോസഫിന്റെ ചോദ്യത്തിന് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായി മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച വ്യക്തിയുടെ പരാതിയിൽ കാര്യത്തിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ടോ എന്ന ടി.ജെ വിനോദിന്റെ ചോദ്യത്തിന് ഇക്കാര്യത്തിൽ ഇപ്പോൾ പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.