ബംഗളൂരു > നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീകൾ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. തട്ടിക്കൊണ്ട് പോയി 24 മണിക്കൂറിനുള്ളിൽ പോലീസ് കുഞ്ഞിനെ കണ്ടെത്തി. സംഭവത്തിൽ മൂന്ന് സ്ത്രീകളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ചിത്താപ്പൂർ സ്വദേശികളായ രാമകൃഷ്ണയുടെയും, കസ്തൂരിയുടെയും നവജാതശിശുവിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് തട്ടികൊണ്ടുപോയത്. കുഞ്ഞിന്റെ രക്തം പരിശോധിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ സ്ത്രീകൾ എടുത്തുകൊണ്ട് പോയത്. ഏറെനേരം കഴിഞ്ഞിട്ടും വിവരമില്ലാത്തതിനെ തുടർന്ന് അന്വേഷിച്ചതോടെയാണ് കാര്യം അറിഞ്ഞത്. കുട്ടിയുമായി ആശുപത്രിയിൽ നിന്നും കടന്ന പ്രതികളുടെ ദൃശ്യം ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കലബുർഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിനെ 50,000 രൂപയ്ക്ക് വിൽക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും മുൻകൂറായി 25,000 രൂപയും കൈപ്പറ്റിയെന്നും പൊലീസ് പറഞ്ഞു.