നഴ്‌സിംഗ് പ്രവേശന പ്രതിസന്ധി: ചര്‍ച്ചയിൽ സമവായം, സര്‍ക്കാരിനുള്ള സീറ്റുകൾ മാനേജ്മെന്റുകൾ പിൻവലിക്കില്ല

news image
May 22, 2024, 8:12 am GMT+0000 payyolionline.in

തിരുവനന്തപുരം: നഴ്സിംഗ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ സമവായം. മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രി യോഗം വിളിച്ചത്. ജിഎസ്‌ടി വിഷയത്തിലടക്കം ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഇതോടെ സര്‍ക്കാരിനുള്ള സീറ്റുകൾ പിൻവലിക്കില്ലെന്നടക്കം ഉറപ്പും നഴ്സിംഗ് കോളേജ് മാനേജ്മെൻ്റ് അസോസിയേഷൻ സ‍ര്‍ക്കാരിന് നൽകി.

നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന കോളേജുകളുടെ മേധാവികളെയും നേരിൽ കണ്ടാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ജിഎസ്‌ടി വിഷയത്തിൽ ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതിന് ശേഷം നിലപാട് അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. അനുകൂല നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് അസോസിയേഷൻ പ്രതിനിധികൾ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ മാസം 24ന് നഴ്സിംഗ് കൗൺസിൽ യോഗം ചേരുമെന്നും കഴിഞ്ഞ വർഷം അംഗീകാരം ഉണ്ടായിരുന്ന എല്ലാ കോളേജുകൾക്കും അഫിലിയേഷൻ നൽകാമെന്ന് ഉറപ്പ് കിട്ടിയെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. നഴ്സിംഗ് കൗൺസിൽ യോഗത്തിന് ശേഷം 28ന് നഴ്സിംഗ് മാനേജ്മെൻറ് അസോസിയേഷൻ യോഗം ചേരും. ഇന്നത്തെ യോഗത്തിൽ പരിഹാരമായില്ലെങ്കിൽ ഇത്തവണത്തെ നഴ്സിംഗ് പ്രവേശനം അവതാളത്തിലാകുമെന്ന് ഭീതിയുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe