നമ്പർ പ്ലേറ്റിൽ ഗ്രീസ് തേച്ച് ഓടി ട്രെയിലർ; മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയിട്ടു

news image
Jun 30, 2023, 3:15 pm GMT+0000 payyolionline.in

കലവൂർ (ആലപ്പുഴ): നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ച് ഓടിയ ട്രെയിലർ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. തമിഴ്നാട്ടിലെ ഹൊസൂർ പ്ലാൻറിൽ നിന്നും അശോക് ലെയ്ലാൻഡ് ലൈറ്റ് ഗുഡ്സ് വാഹനങ്ങൾ കയറ്റി വന്ന ലോഡ് ക്യാരിയർ ട്രെയിലറിനാണ് പിഴയിട്ടത്. ഇന്ന് പുലർച്ചെ കൊമ്മാടി ബൈപ്പാസ് പ്ലാസയിൽ മോട്ടോർ വാഹന വകുപ്പ്- അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹന പരിശോധനക്കിടയിലാണ് ട്രെയിലർ ശ്രദ്ധയിൽ പെട്ടത്. പുറക് വശത്തെയും സൈഡിലെയും നമ്പർ പ്ലേറ്റുകൾ ഗ്രീസ് തേച്ച് മറച്ച നിലയിലായിരുന്നു.

നിർത്തുവാൻ സ്റ്റോപ്പ് സിഗ്നൽ നൽകിയിട്ടും നിർത്താതെ വാഹനം ബൈപ്പാസിലൂടെ കടന്നുപോയി. തുടർന്ന് പിന്തുടർന്ന് കളർകോട് വെച്ച് വാഹനം തടഞ്ഞുനിർത്തി. നമ്പർ പ്ലേറ്റ് തിരിച്ചറിയാതിരിക്കാൻ കറുത്ത ഗ്രീസ് തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. വാഹനത്തിന് ആറായിരം രൂപ പിഴ ചുമത്തി.

എ.ഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ നിന്നും ഒഴിവാകുന്നതിനു വേണ്ടിയാണ് ഇത്തരം രീതികളെന്നും പല വാഹനങ്ങളും ഇത്തരത്തിൽ ഓടുന്നത് ശ്രദ്ധയിൽ പെടുന്നുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കു മെന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe