ബംഗളൂരു: നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ സർക്കാറിന് കത്തുനൽകി. മാർച്ചിലെ സംസ്ഥാന ബജറ്റിന് ശേഷം പാൽവില വർധനയുടെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ലിറ്ററിന് 47 രൂപയാക്കണമെന്നാണ് കെ.എം.എഫിന്റെ ആവശ്യം. വില വർധനക്കൊപ്പം, ഒരു പാക്കറ്റിലെ പാലിന്റെ അളവ് 1,050 മില്ലിയിൽനിന്ന് ഒരു ലിറ്ററായി കുറക്കും. വിലവർധന നിർദേശം സർക്കാർ അംഗീകരിച്ചാൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കെ.എം.എഫ് നടത്തുന്ന ഏറ്റവും ഉയർന്ന വില വർധനയാകുമിത്. 2022ൽ, കെ.എം.എഫ് പാൽ വില ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ചിരുന്നു. 2024ൽ, ഒരു പാക്കറ്റിന് രണ്ടു രൂപ വില വർധന നടപ്പാക്കിയെങ്കിലും ലിറ്ററിന് 50 മില്ലി അധിക പാൽ ചേർത്തിരുന്നു. ഈ അധികമായി ചേർത്ത പാൽ കുറക്കാനാണ് പുതിയ നിർദേശം.
അടിക്കടി അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില വർധിച്ച സാഹചര്യത്തിലാണ് വിലവർധനയെന്നാണ് കെ.എം.എഫിന്റെ വാദം. കാപ്പി ബ്രൂവേഴ്സ് അസോസിയേഷൻ മാർച്ചോടെ കിലോക്ക് 200 രൂപ കാപ്പിപ്പൊടി വിലയിൽ വർധന പ്രഖ്യാപിച്ചിരുന്നു.