പയ്യോളി: ദേശീയപാതയിൽ നന്തി മുതൽ കൊയിലാണ്ടി വരെയുള്ള റോഡ് യാത്ര ദുഷ്കരമാകുന്നു. ഇരുചക്രവാഹനങ്ങളിലെയും ചെറിയ വാഹനങ്ങളിലെയും യാത്രക്കാരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. നേരത്തെ കുഴികൾ രൂപപ്പെട്ട റോഡ് മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞതോടെ യാണ് സുഗമമായ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായത്. കുഴികൾ അടച്ചുള്ള പ്രവർത്തിയെ തുടർന്ന് റോഡിൽ നിറയെ ഉയർച്ചയും താഴ്ചയുമായി യാത്ര ദുഷ്കരമാവുകയായിരുന്നു.

നന്തി – കൊയിലാണ്ടി റൂട്ടിൽ പാലക്കുളം ഭാഗത്ത് തകർന്ന റോഡ്.
ഇതിൽ ദേശീയപാതയിലുള്ള പാലക്കുളം ഭാഗത്ത് കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇടക്കാലത്ത് ചില പാച്ച് വർക്കുകൾ ചെയ്തെങ്കിലും പിന്നീട് പെയ്ത മഴയിൽ അതും തകർന്നു. നിലവിൽ ആംബുലൻസ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വളരെ ദുരിതമാണ് ഈ റൂട്ടിലൂടെയുള്ള യാത്ര. സാധാരണ നിലയിലുള്ള കുഴി അടയ്ക്കുന്ന രീതിയിലുള്ള പ്രവർത്തികൾക്ക് പകരം സമ്പൂർണ്ണ ടാറിങ്ങ് നടത്തിയാൽ മാത്രമേ ഈ റൂട്ടിലൂടെയുള്ള ദുരിത യാത്രയ്ക്ക് ശമനമാകൂ എന്നാണ് വാഹന യാത്രക്കാരുടെ അഭിപ്രായം.