മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ധർമ്മേന്ദ്രയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യം. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍.
1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്ക്രീനുകൾ ഭരിച്ചു. ബോളിവുഡിന്റെ ഹീമാൻ എന്നായിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന വിശേഷണം.
