ചങ്ങനാശേരി: നടൻ കൃഷ്ണപ്രസാദും സഹോദരനായ ബി.ജെ.പി കൗൺസിലറും മർദിച്ചെന്ന് അയൽവാസിയായ ഡോക്ടറുടെ പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി. ശ്രീകുമാറാണ് (67) ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് സ്ഥലത്തെത്തി തടഞ്ഞു. കല്ലുകെട്ടിയാൽ പൊളിക്കുമെന്നും മുന്നറിയിപ്പ് നൽകി. തർക്കമായതോടെ ഡോക്ടർ സ്ഥലത്തെത്തി. ഇതിനിടെ വില്ലേജ് ഓഫിസറും വന്നു.
ഇവിടുത്തെ ദൃശ്യം മൊബൈലിൽ പകർത്തുന്നതിനിടെ നടനും സഹോദരനും മർദിക്കുകയായിരുന്നുവെന്നാണ് ഡോക്ടർ പരാതിയിൽ പറയുന്നത്. ഡോക്ടർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ഡോക്ടറുടെ പരാതി കള്ളമാണെന്നും മർദിച്ചിട്ടില്ലെന്നും കൃഷ്ണ പ്രസാദ് പറയുന്നു. വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടൻ വ്യക്തമാക്കി.
കൈയേറ്റത്തിനെതിരെ നേരത്തെയും പരാതി നൽകിയിട്ടുണ്ട്. സ്ഥലത്തെ 40ഓളം കുടുംബങ്ങളും ഇതിനെതിരെ രംഗത്തുവന്നിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ കൃഷ്ണപ്രസാദ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
