ദോഹയിൽ കെഎംസിസി പയ്യോളി കമ്മിറ്റി “ഹരിതമയം 2K25”

news image
Aug 10, 2025, 2:33 pm GMT+0000 payyolionline.in

 

ദോഹ: കെഎംസിസി ഖത്തർ പയ്യോളി മുനിസിപ്പൽ കമ്മിറ്റി ദോഹയിലെ യമാമ കോംപ്ലക്സ് അത്ലെൻ ഹാളിൽ വെച്ച് “ഹരിതമയം” പൊതു സമ്മേളനം സംഘടിപ്പിച്ചു. മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് ഗഫൂർ പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഐ യു എം എൽ ദേശീയ ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ ഉത്ഘാടനം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി കെ അബ്ദുറഹ്മാൻ മുഖ്യാഥിതി ആയിരുന്നു.

സ്നേഹവും സഹിഷ്ണുതയുമുള്ള പൊതുപ്രവർത്തകർ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത്പോലെ വിദ്യാഭ്യാസ രംഗത് ആധുനിക നൂതന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് പുതു തലമുറയെ പരിപോഷിപ്പിച്ചെടുക്കാൻ കെഎംസിസി മുന്നോട്ട് വരേണ്ടതുണ്ടെന്നും പരിപാടി ഉത്‌ഘാടനം ചെയ്തുകൊണ്ട് സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഗ്ലോബൽ കെഎംസിസി ഉപാധ്യക്ഷൻ സാം ബഷീർ, കെഎംസിസി ഖത്തർ സ്റ്റേറ്റ് ജനറൽ സെക്രെട്ടറി സലിം നാലകത്ത്, കെഎംസിസി ഉപദേശക സമിതി അംഗങ്ങളായ നിഹ്മത്തുള്ള കോട്ടക്കൽ, ഹംസ കുന്നുമ്മൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി അതീഖ് റഹ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് നബീൽ നന്തി എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഷരീഫ് മേമുണ്ട മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന KMCC ഭാരവാഹികളായ ഫൈസൽ കേളോത്ത്, ഷംസുദ്ധീൻ വാണിമേൽ, സംസ്ഥാന ഉപദേശക സമിതി അംഗം മുസ്തഫ എലത്തൂർ, ജില്ലാ ഭാരവാഹികളായ മുജീബ് ദേവർകോവിൽ , റൂബിനാസ് കോട്ടേടത്ത്, മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ വി ബഷീർ, മണ്ഡലം ഭാരവാഹി മുഫീദ് കോട്ടക്കൽ, മുൻസിപ്പൽ ഭാരവാഹികളായ എം പി മുഹമ്മദ്, സി പി ഷുക്കൂർ , റാഷിദ് മാടാക്കര, മുസ്തഫ മാടാക്കര എന്നിവർ സന്നിഹിതരായിരുന്നു.

മുഖ്യാഥിതിയായ പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാന് നിഹ്മത്തുള്ള കോട്ടക്കൽ ഉപഹാര സമർപ്പണവും ഇസ്മായിൽ മാടാക്കര പൊന്നാടയുമണിയിച്ചു. ഐ യു എം എൽ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദീന് പയ്യോളി മുനിസിപ്പൽ കെഎംസിസി നൽകുന്നു ഉപഹാരം ഗഫൂർ പാറക്കണ്ടിയും റഫീഖ് പി സി യും ചേർന്ന് കൈമാറി, നിസാർ തൗഫീഖ് പൊന്നാടയണിയിച്ചു.

പയ്യോളി മുനിസിപ്പൽ കെഎംസിസി വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ രംഗത്തും നാട്ടിൽ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ അശരണരായ ഒരുപാട് പേർക്ക് അത്താണിയായികൊണ്ട് ഇന്നും നിലനിൽക്കുന്നുണ്ടെന്നും അതിന്റെ പ്രയോചനങ്ങൾ ഭരണസമിതിക്കും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും എപ്പോഴും കിട്ടാറുണ്ടെന്നും സ്വീകരണത്തിന് നന്ദിയറിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തിൽ വി കെ അബ്ദുറഹ്മാൻ പറഞ്ഞു.

കെഎംസിസി സ്നേഹ സുരക്ഷാ പദ്ധതി ആനുകൂല്യത്തിന് അര്ഹരായവരെ ഉൾപ്പെടുത്തിയും അത്പോലെ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് RP TEC നൽകിയ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. ജനറൽ സെക്രെട്ടറി പി സി റഫീഖ് സ്വാഗതവും അൻസാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe