തിരുവനന്തപുരം: ഇടതുമുന്നണിയുടെയടക്കം മുഖ്യപങ്കാളിത്തത്തിൽ നടക്കുന്ന കേന്ദ്രസർക്കാറിനെതിരായ അഖിലേന്ത്യ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും പ്രഖ്യാപിച്ചത് പിന്നാലെ രാത്രി വൈകിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
ജീവനക്കാർ അനധികൃതമായി ജോലിക്കു ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോണായി കണക്കാക്കുമെന്നും ഈ ദിവസത്തെ ശമ്പളം ജൂലൈയിലേതിൽ നിന്ന് കുറവു ചെയ്യുമെന്നുമാണ് ഉത്തരവ്. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും.
പണിമുടക്ക് ദിവസത്തെ അവധിയെടുക്കലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നിശ്ചിത സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കില്ല. ചികിത്സ ആവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നവർ സർക്കാർ ഡോക്ടർമാരുടെ ഒപ്പും സീലും പതിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിന്‍റെ സാധുതയിൽ സംശയം തോന്നിയാൽ അടിയന്തരമായി മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകേണ്ടി വരും.
പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്കും അധ്യാപകർക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമാണ്. ഓഫിസുകളിലും സ്കൂളുകളിലും ജീവനക്കാർക്ക് തടസ്സം കൂടാതെ എത്തിച്ചേരാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.