ദേശീയപാത 66: വെങ്ങളം-രാമനാട്ടുകര ബൈപാസ് ഈ മാസം അവസാനത്തോടെ തുറന്നു കൊടുത്തേക്കും

news image
Aug 23, 2025, 3:20 pm GMT+0000 payyolionline.in

കോഴിക്കോട്: ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര ബൈപാസ് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുത്തേക്കും. അടുത്ത മാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ഉദ്ഘാടനച്ചടങ്ങു നടത്താവുന്ന രീതിയിലാണു കാര്യങ്ങൾ പുരോഗമിക്കുന്നത്. സർവീസ്റോഡുകളുടെ പൂർത്തീകരണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. തെരുവുവിളക്കുകൾ ഇരുഭാഗത്തുമായി തെളിഞ്ഞു തുടങ്ങി.

ചുറ്റുപാടുമുള്ള ദൃശ്യങ്ങൾ കറങ്ങിത്തിരിഞ്ഞു പകർത്തുന്ന പിടിസെഡ് ക്യാമറകളടക്കം  മീഡിയനുകളിൽ സ്ഥാപിച്ചു. ദൃശ്യങ്ങൾ ടോൾ പ്ലാസയിലിരുന്ന് 24 മണിക്കൂറും നിരീക്ഷിക്കും. അപകടം, അനധികൃത പാർക്കിങ്, ഗതാഗതക്കുരുക്ക് തുടങ്ങിയവയടക്കം എന്തുണ്ടായാലും ഉടനടി സഹായമെത്തിക്കാനാണ് മുഴുസമയ നിരീക്ഷണം. ഓട്ടോറിക്ഷ, ബൈക്ക്, ട്രാക്ടർ, കാൽനട യാത്ര അനുവദനീയമല്ലെന്നു ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും കാൽനടയൊഴിച്ചുള്ളവ ആദ്യഘട്ടത്തിൽ തടയാൻ ഇടയില്ല.

ഇതിനകം തുറന്ന തലശ്ശേരി– മാഹി ബൈപാസിൽ ബൈക്കും ഓട്ടോറിക്ഷയും അടക്കമുള്ള മുഴുവൻ വാഹനങ്ങളെയും അനുവദിക്കുന്നുണ്ട്. സർവീസ് റോഡുകളിൽ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു തക്ക വീതി സർവീസ് റോഡുകൾക്കു പലയിടത്തും ഇല്ലെന്നതു ഭാവിയിൽ പ്രശ്നമുണ്ടാക്കും. കൂടുതൽ സ്ഥലം ലഭ്യമാകുന്നതിന് അനുസരിച്ച് വീതി കൂട്ടി സർവീസ് റോഡ് നിർമിക്കുമെന്നു ദേശീയപാത അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

തൊണ്ടയാട് – പന്തീരാങ്കാവ് ഭാഗത്ത് സർവീസ് റോഡ് നിർമാണം മുടങ്ങി

പന്തീരാങ്കാവ്∙ ദേശീയപാത 66ൽ തൊണ്ടയാട് – പന്തീരാങ്കാവ് ഭാഗത്തു സ്ഥലപരിമിതി കാരണം സർവീസ് റോഡ് നിർമാണം മുടങ്ങി. പന്തീരാങ്കാവ് ജംക്‌ഷന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥലപരിമിതിയുണ്ട്. ഇവിടെ, 100 മീറ്ററോളം ഓട, പഞ്ചായത്തു തോട്ടിലേക്കു മാറ്റി പ്രശ്നം പരിഹരിക്കാനാണു ശ്രമം.ഇരിങ്ങല്ലൂർ പാലാഴി ജംക്‌ഷൻ തെക്കു പ‍ടി‍ഞ്ഞാറു ഭാഗത്തു 100 മീറ്ററോളം സർവീസ് റോഡ് മുറിഞ്ഞു കിടക്കുകയാണ്.

സർവീസ് റോഡിന് അവിടെ തീരെ സ്ഥലമില്ല. ഇതിനു സമീപത്തു ചെറുകുന്നിലും 50 മീറ്ററോളം സർവീസ് റോഡ് മുറിഞ്ഞുപോയി. ഇരിങ്ങല്ലൂർ കൂടത്തുംപാറയിൽ, കിഴക്കുഭാഗത്തായി 150 മീറ്ററലധികം സർവീസ് റോഡില്ല.നെല്ലിക്കോട് ആഴ തൃക്കോവിലിനു സമീപത്ത് 50 മീറ്ററോളം സർവീസ് റോഡില്ല. ദേശീയപാത ബൈപാസ് നിർമാണത്തിനിടെ, സർവീസ് റോഡിനു വേണ്ടി കൃത്യമായി സ്ഥലം ഏറ്റെടുത്തു വേർതിരിക്കാതിരുന്നതാണു പ്രശ്നത്തിനിടയാക്കിയത്.

വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാത ഒറ്റനോട്ടത്തി
∙ നീളം 28.4 കിലോമീറ്റർ.
∙നിർമാണച്ചെലവ്: 1700 കോടി രൂപ. (കിലോമീറ്ററിന് 60 കോടിയോളം രൂപ). മേൽപാലങ്ങളും അടിപ്പാതകളും കൂടുതലായി വേണ്ടി വന്നതാണു ചെലവു കൂടാൻ കാരണം.
∙1535 തെരുവു വിളക്കുകൾ.
∙4 പാലങ്ങൾ: കോരപ്പുഴ, പുറക്കാട്ടിരി, മാമ്പുഴ, അറപ്പുഴ.
∙ 7 മേൽപാലങ്ങൾ: വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര.

∙ പാത മുറിച്ചു കടക്കാൻ 22 അടിപ്പാതകൾ. ഇതിൽ 16 പാസഞ്ചർ അണ്ടർപാസുകൾ, 5 ലൈറ്റ് വെഹിക്കിൾ അണ്ടർപാസുകൾ, ഒരു വെഹിക്കൾ അണ്ടർ പാസ്. എല്ലാ അടിപ്പാതകളിലൂടെയും കാറുകൾക്കു കടന്നുപോകാം. ലൈറ്റ് വെഹിക്കിൾ അണ്ടർപാസിലൂടെ ബസുകൾക്കും പോകാം. കണ്ടെയ്നർ ലോറികള‍ടക്കമുള്ളവയ്ക്കാണു വെഹിക്കിൾ അണ്ടർപാസ്.
∙ വേങ്ങേരിയിലും മലാപ്പറമ്പിലും ഓവർപാസുകൾ.
∙ 46 നിരീക്ഷണ ക്യാമറകൾ. മോട്ടർ വാഹന വകുപ്പിന്റെ വേഗനിരീക്ഷണ ക്യാമറകൾ വേറെ വയ്ക്കും.

∙ സർവീസ് റോഡ് വഴി ഇരുവശത്തുമായി 24 ഇടങ്ങളിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.
∙ ഓരോ ടോൾ ഗേറ്റിലും 5 ട്രാക്കുകൾ.

ടോ പ്ലാസ നിമാണം പൂത്തിയായി
ടോൾ കരാറിനായുള്ള ടെൻഡർ വിളിച്ചിട്ടുണ്ട്. നിരക്കുകൾ ദേശീയപാത അതോറിറ്റി അധികൃതർ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം പകുതിയോടെ കരാറുകാരന്റെ കാര്യത്തിലും ടോൾ നിരക്കിലും തീരുമാനമാകും. മാമ്പുഴ പാലത്തിനു സമീപം ഇരിങ്ങല്ലൂർ കൂടത്തുംപാറയിൽ ഇരുഭാഗത്തേക്കുമുള്ള ടോൾ പ്ലാസ പൂർത്തിയായി. 250 മീറ്റർ വ്യത്യാസത്തിലാണ് ടോൾ പ്ലാസയുടെ ഇരുഭാഗങ്ങളുമുള്ളത്.

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരമായി താമസിക്കുന്നവർക്കു 300 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഈ പാസ് ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും കൂടത്തുംപാറ ടോൾ പ്ലാസയിലൂടെ പോകാം.ആംബുലൻസും പിക്കപ്പ് ലോറിയും ക്രെയിനും അടക്കമുള്ള സംവിധാനങ്ങൾ ടോൾ പ്ലാസയിലുണ്ടാകും. ഇരു ടോൾ പ്ലാസകൾക്കിടയിലൂടെയാണു നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ, ദേശീയപാത 66നെ മുറിച്ചു കടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe