കോഴിക്കോട്: ദേശീയപാത 6 വരിയാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചു. മുംബൈയിലെ സ്വകാര്യ കമ്പനിയിൽ നിർമിച്ച പ്രത്യേക പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റാണിത്. എവിടേക്കും ഉരുട്ടി കൊണ്ടുപോകാൻ പറ്റും. സോളർ ഊർജത്തിൽ പ്രവർത്തിക്കുന്ന സിഗ്നൽ ലൈറ്റിന് 24 മണിക്കൂറും സജ്ജമായ ബാറ്ററി ബാക്കപ്പുമുണ്ട്. മലാപ്പറമ്പ് ജംക്‌ഷനിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന അഴിയാക്കുരുക്കിന് ഇതു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ദിവസേന 30 പൊലീസുകാർ റോഡിൽനിന്നാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.ദേശീയ പാത 6 വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി വയനാട് റോഡിൽ ഓവർ പാസ് തുറക്കുകയും രാമനാട്ടുകര–വെങ്ങളം പാതയിലെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിർദിഷ്ട ദേശീയ പാതയുടെ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലേക്കു തിരിച്ചുവിടുകയും ചെയ്തതോടെയണ് മലാപ്പറമ്പ് ജംക്‌ഷനിൽ വൻ ഗതാഗക്കുരുക്ക് രൂപപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റിനെക്കുറിച്ച് ആലോചന ഉയർന്നത്.
സംസ്ഥാനത്ത് എവിടെയും മുൻപ് ഇത്തരത്തിൽ പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ് ഉപയോഗിച്ചിട്ടില്ല. ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ മനോജ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇത്തരത്തിലൊരു സംവിധാനം സ്ഥാപിക്കാൻ വഴി തുറന്നത്. രാജ്യത്ത് നാഗ്പൂർ, മുംബൈ എന്നിവിടങ്ങളിൽ മാത്രമാണ് പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ് ഉപയോഗിച്ചിട്ടുള്ളത്. കേരള പൊലീസിൽനിന്ന് അവധിയെടുത്ത് യുകെയിൽ 11 വർഷം കമ്യൂണിറ്റി ഓഫിസറായി സേവനം അനുഷ്ഠിച്ച എസ്ഐ മനോജ് ബാബുവിന്റെ ഈ രംഗത്തെ അറിവും പരിചയവുമാണ് കോഴിക്കോട്ടും പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ സഹായകരമായത്.