കുന്ദമംഗലം: ദേശീയപാത 766 വികസിപ്പിക്കുമ്പോൾ കാരന്തൂർ, കുന്ദമംഗലം അങ്ങാടികൾ ഒഴിവാക്കി കാരന്തൂർ മുതൽ പടനിലം വരെയുള്ള ഭാഗത്ത് ബൈപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത്. നിരവധി വ്യാപാര സ്ഥാപനങ്ങളും മറ്റും തിങ്ങിനിറഞ്ഞ ഇടമാണ് പ്രദേശം.
എന്നാൽ, കുന്ദമംഗലത്ത് ബൈപാസ് നിർമാണം അനിശ്ചിതത്വത്തിലായതിൽ വ്യാപാരികൾ ആശങ്കയിലാണ്. വ്യാപാര കേന്ദ്രവും വിദ്യാഭ്യാസ ഹബുമായ കുന്ദമംഗലത്ത് ബൈപാസ് നിർമാണം അനിവാര്യമാണ് എന്നും അടുത്ത ഘട്ടത്തിൽ വ്യാപാരികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
ദേശീയപാത 766ൽ കൊടുവള്ളിയിലും താമരശ്ശേരിയിലുമാണ് ദേശീയപാത അധികൃതരുടെ പദ്ധതിയിൽ ബൈപാസ് വിഭാവനം ചെയ്തിട്ടുള്ളത്. അതിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ കുന്ദമംഗലത്ത് ബൈപാസ് നിർമിക്കേണ്ടതിന്റെ ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യകത പരിഗണിച്ച് പി.ടി.എ. റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ബൈപാസ് നിർമിക്കാൻ ആവശ്യം ഉയർത്തിയിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.ബി.ഡി.സി.കെയെ നിർവഹണം ഏൽപിക്കുകയും ചെയ്ത പ്രസ്തുത പദ്ധതിയിൽ പിന്നീട് പുരോഗതി ഇല്ലാത്തതിനാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഫെബ്രുവരി 10ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിനോട് ബൈപാസ് നിർമാണ പ്രവൃത്തി തുടങ്ങേണ്ടതില്ലെന്ന് കിഫ്ബി തീരുമാനം എടുത്തിട്ടുണ്ടോ എന്ന് പി.ടി.എ. റഹീം എം.എൽ.എ ചോദിച്ചു.
പദ്ധതിക്കുള്ള വിശദ പദ്ധതി വിവരണ റിപ്പോർട്ട് ആർ.ബി.ഡി.സി.കെ കിഫ്ബിക്ക് സമർപ്പിച്ചിട്ടില്ലെന്നും 2024 ജൂൺ 13ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർ ബൈപാസ് പദ്ധതി ദേശീയപാത വികസനത്തോടൊപ്പം പൊതുമരാമത്ത് പദ്ധതിയായി ചെയ്യുമെന്നും ആയതിനാൽ പ്രസ്തുത കിഫ്ബി പദ്ധതി ഉപേക്ഷിക്കണമെന്നും അറിയിച്ചിരുന്നതായി എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി രേഖാമൂലം പറഞ്ഞു.
2024 ജൂൺ 13ന് എടുത്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ബൈപാസ് പദ്ധതി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ചെയ്യാൻ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കിഫ്ബി സി.ഇ.ഒ 2024 ജൂലൈ 24ന് അർധ ഔദ്യോഗിക കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിൽനിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിലേക്ക് കത്ത് നൽകി.
ഈ കത്തിന് മറുപടി ലഭ്യമായിട്ടില്ലെന്നും മന്ത്രി രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ദിവസം വീണ്ടും അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ല എന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. ബൈപാസ് പദ്ധതി നടക്കുമോ എന്നതിനെക്കുറിച്ച് നിലവിൽ ആർക്കും വലിയ നിശ്ചയമില്ല.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൈപാസ് നിർമിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് മുനീർ വടക്കുംപാടത്തിന് നിവേദനം നൽകിയത്.
ബൈപാസ് നിർമിക്കാതെ ദേശീയ പാത വികസിപ്പിക്കുമ്പോൾ വർഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്ന ആയിരക്കണക്കിന് വ്യാപാരികളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറഞ്ഞു. ഈ പദ്ധതി നടപ്പാവുകയാണെങ്കിൽ കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കുന്നതിനേക്കാൾ ചെലവ് കുറവ് മതിയാകുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ജില്ല വൈസ് പ്രസിഡന്റ് എം. ബാബുമോൻ, യൂനിറ്റ് സെക്രട്ടറി ജയശങ്കർ, ട്രഷറർ എൻ. വിനോദ് കുമാർ, സുനിൽ കണ്ണോറ, എം.പി. മൂസ, ടി.സി. സുമോദ്, ടി.വി. ഹാരിസ്, സജീവൻ കിഴക്കയിൽ, എം.കെ. റഫീഖ് എന്നിവർ സംബന്ധിച്ചു.