കാസർഗോഡ് ദേശീയപാത 66-ൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര നാദാപുരം റോഡ് സ്വദേശി അക്ഷയ് (30), മണിയൂർ സ്വദേശി അശിൻ (26) എന്നിവരാണ് മരിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരാണ്.
ദേശീയപാത 66ൽ ആറുവരിപ്പാത നിർമാണം പൂർത്തിയായ മൊഗ്രാൽ– പുത്തൂരിൽ ഉച്ചയോടെയാണ് അപകടം നടന്നത്. തെരുവ് വിളക്ക് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്ഥാപിക്കുന്നതിനിടെ ക്രെയിനിൻ്റെ ഹൈഡ്രോളിക് ബോക്സ് തകർന്ന് വീഴുകയായിരുന്നു. ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന അക്ഷയും അശ്വിനും സർവ്വീസ് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിനും മരണപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.