ദേശീയപാതയിൽ ശുചിമുറി മാലിന്യം ഒഴുക്കി; പയ്യോളിയിൽ ടൂറിസ്റ്റ് ബസിന് അരലക്ഷം രൂപ പിഴ ചുമത്തി

news image
May 2, 2026, 6:01 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിലൂടെ യാത്ര ചെയ്യവേ ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കിയ സ്വകാര്യ ടൂറിസ്റ്റ് ബസിന് അരലക്ഷം രൂപ പിഴ ചുമത്തി. ചെന്നൈയിൽ നിന്ന് മാഹിയിലേക്ക് പോകുകയായിരുന്ന പി.ആർ.എം റോഡ്‌വേയ്‌സിന്റെ (TN 87 H 3598) ബസിനെതിരെയാണ് പയ്യോളി നഗരസഭാ അധികൃതർ നടപടി സ്വീകരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിലൂടെ ബസ്സിലെ ശുചിമുറിയിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട പയ്യോളിയിലെ ഓട്ടോ ഡ്രൈവർ വി.കെ. സത്യനാണ് ബസ് തടഞ്ഞുനിർത്തി നാട്ടുകാരെയും അധികൃതരെയും വിവരമറിയിച്ചത്.

ബസ് ജീവനക്കാർ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം ഒഴുക്കിയത് സ്ഥിരീകരിച്ചു. തുടർന്ന് നഗരസഭ ബസ് ഉടമകൾക്ക് അമ്പതിനായിരം രൂപ പിഴ ചുമത്തുകയായിരുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി ടൗണിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ശുചീകരണ യജ്ഞത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം നടന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe