കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഹൈകോടതി. രാഷ്ട്രീയ ആവശ്യങ്ങൾക്കും മറ്റും മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന (റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് -പ്രിവൻഷൻ ഓഫ് മിസ്‌യൂസ്) നിയമം കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. നിയമലംഘനമുണ്ടായാൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഉൾപ്പെടെ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ദേവസ്വം കമീഷണർ സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിപ്ലവ ഗാനം പാടിയതിനെതിരായ ഹരജിയിലാണ് കോടതി നിർദേശം. ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ക്ഷേത്രത്തിൽ ആചാരലംഘനമുൾപ്പെടെ ആരോപിച്ച് അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്റ്റേജിലെ എൽ.ഇ.ഡി ചുവരിൽ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും ചിഹ്നം പ്രദർശിപ്പിച്ചിരുന്നതായി മാധ്യമവാർത്തകളിലും വിഡിയോയിലും നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.
ദേവസ്വം ചീഫ് വിജിലൻസ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറുടെ റിപ്പോർട്ടിലും ഈ പരാമർശമുണ്ട്. ഇത് ഓപറേറ്ററുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമാണെന്നായിരുന്നു ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റിന്‍റെ വിശദീകരണം. ഭക്തർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾതന്നെ അത് നിർത്തുകയും ചെയ്തു. എന്നാൽ, ഇത് ലാഘവത്തോടെ കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംഗീത പരിപാടി നടക്കുമ്പോൾ സ്റ്റേജിനുസമീപം കുപ്പിയൊക്കെ പിടിച്ച് നൃത്തം ചെയ്യുന്നവരെ കാണാമായിരുന്നുവെന്നും ഇവരെ വിശ്വാസികളായി കാണാനാകില്ലെന്നും വാക്കാൽ പറഞ്ഞു.
ഇത്തരം പരിപാടികൾ ആരാണ് ക്ഷേത്രത്തിനകത്ത് അനുവദിച്ചതെന്നും ക്രിമിനൽ കേസുകളിലെ പ്രതി എങ്ങനെയാണ് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റാകുന്നതെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ബോർഡ് പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. വ്യാപാരി വ്യവസായി സംഘടന സ്പോൺസർ ചെയ്ത പരിപാടിയാണ് നടന്നത്. നാല് കേസ് മാത്രമാണ് പ്രസിഡന്‍റിനെതിരെയുള്ളത്. ബാക്കിയെല്ലാം തീർപ്പായി. എങ്ങനെയാണ് കേസുകൾ തീർപ്പായതെന്നും ഉത്സവത്തിലെ സംഗീത പരിപാടിക്ക് എത്ര തുക ചെലവായെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് മറുപടി നൽകി. സർക്കാറും വിശദീകരണത്തിന് സമയം തേടിയതോടെ ഹരജി വീണ്ടും 10ന് പരിഗണിക്കാൻ മാറ്റി. കടയ്ക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസറെ കക്ഷി ചേർക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചു.