തിരുവനന്തപുരം> മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസില്‍ (16649) തിരക്ക് കാരണം ചൊവ്വാഴ്ച രാവിലെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു. നിന്നുതിരിയാന്‍ പറ്റാത്ത കോച്ചില്‍ വെള്ളംപോലും കൊടുക്കാനായില്ലെന്ന് യാത്രക്കാരന്‍ ടി.പി. മജീദ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ വിദ്യാര്‍ഥിനി കൊയിലാണ്ടി എത്താറായപ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ വിദ്യാര്‍ഥിനിയെ കൊയിലാണ്ടി സ്‌റ്റേഷനില്‍ ഇറക്കി.
കേരളത്തില്‍ ഒരു വണ്ടിയില്‍ മൂന്നരമാസത്തിനിടെ ഏറ്റവും അധികം യാത്രക്കാര്‍ തിരക്കില്‍പ്പെട്ട് തളര്‍ന്നുവീണത് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന പരശുറാമിലാണ്. കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 15 സ്ത്രീയാത്രക്കാര്‍ കുഴഞ്ഞുവീണു.20 ദിവസത്തിനിടെ പരശുറാം എക്‌സ്പ്രസിലെ ആറാമത്തെ സംഭവമാണിത്. ജനുവരി എട്ടിന് രണ്ടു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ കുഴഞ്ഞുവീണു. വന്ദേഭാരതിനുവേണ്ടി പരശുറാമിനെ കൊയിലാണ്ടിയില്‍ പിടിച്ചിട്ടിരുന്നു. പരശുറാം രാവിലെ ഏറ്റവും തിരക്കുള്ള സമയത്ത് ഓടുന്നത് കണ്ണൂരിനും തിരൂരിനും ഇടയിലാണ്. വന്ദേഭാരതിന് ഉള്‍പ്പെടെ പിടിച്ചിടുന്നതും ഇതേ പരിധിയിലാണെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു.
വണ്ടി കൊയിലാണ്ടി വിട്ടപ്പോഴായിരുന്നു രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടത്. കോഴിക്കോട് എത്താറായപ്പോഴായിരുന്നു സ്ത്രീ ബോധരഹിതയായത്.