ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ചത് സുരേഷ് ഗോപി

news image
Apr 8, 2025, 10:15 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഷെയ്ഖ് ഹംദാനെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനം.

ദുബായ് കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യ-യുഎഇ ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് ഹംദാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരെയും കാണും. ബുധനാഴ്ച മുംബൈയിൽ വ്യവസായ പ്രമുഖരുമായും ചർച്ച നടത്തും.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യ ശേഷി പങ്കുവയ്ക്കൽ തുടങ്ങി മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും. ദുബായ് കിരീടാവകാശിയായശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികൾ ഉൾപ്പെടെ ഉന്നതതല സംഘവും ഷെയ്ഖ് ഹംദാനെ അനുഗമിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള വാണിജ്യ പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ സന്ദർശനം. യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്കാരിക വിനിമയങ്ങളിൽ ദുബായ് ഏറെക്കാലമായി ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിട്ടുണ്ട്. എമിറേറ്റ്‌സിലെ 43 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിത്തറയിടുന്നത്, ഇവരിൽ ഭൂരിഭാഗവും ദുബായിലാണ് താമസിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe