ന്യൂഡൽഹി: ആരോഗ്യരഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപവാസമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മോദി പറഞ്ഞു. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ നാല് മാസത്തെ വ്രതം താൻ എടുക്കാറുണ്ടെന്ന് മോദി പറഞ്ഞു. ജൂൺ മുതൽ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ വ്രതം എടുക്കുക. ഈ സമയത്ത് ദിവസത്തിൽ ഒരു തവണ മാത്രമായിരിക്കും ഭക്ഷണം കഴിക്കുക.
നവരാത്രി സമയത്ത് ഒമ്പത് ദിവസവും താൻ ഉപവാസത്തിലായിരിക്കും. ഈ സമയത്ത് പാനീയങ്ങൾ മാത്രമായിരിക്കും കുടിക്കുക. മറ്റുള്ളവയൊന്നും ഭക്ഷിക്കില്ല. ഈ സമയത്ത് നല്ല രീതിയിൽ ചുടുവെള്ളവും കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതവും താൻ എടുക്കും. ഈ സമയത്ത് ഒമ്പത് ദിവസത്തേക്ക് ഒരേതരത്തിലുള്ള പഴം മാത്രമായിരിക്കും താൻ കഴിക്കുക. പപ്പായയാണ് താൻ അതിനായി തെരഞ്ഞെടുത്തത്. ഒമ്പത് ദിവസവും താൻ പപ്പായ മാത്രമായിരിക്കും കഴിക്കുകയെന്ന് മോദി പറഞ്ഞു.
ഉപവാസത്തിലിരിക്കുന്ന സമയത്ത് മണം, സ്പർശനം, രുചി എന്നിവ മികച്ച രീതിയിൽ അനുഭവപ്പെടും. ഉപവാസം ശരീരത്തെ ക്ഷീണിപ്പിക്കില്ലെന്നും കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു. ഉപവാസം ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല. മാനസികമായി കരുത്ത് നേടാനുള്ള അവസരം കൂടിയാണെന്നും മോദി പറഞ്ഞു.