ദില്ലി ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. 13 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിയുടെ സഭാ നേതാവായിരുന്ന മുകേഷ് ഗോയലിന്‍റെ നേതൃത്വത്തിലാണ് നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ആം ആദ്മി പാർട്ടിയിലെ വിഭാഗീയത രൂക്ഷമാണ്. പാർട്ടിക്ക് തിരിച്ചടിയായി 13 കൗൺസിലർമാർ രാജിവെച്ച് ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു.
ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിയുടെ സഭാ നേതാവായിരുന്ന മുകേഷ് ഗോയലിന്‍റെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിച്ചുള്ള നീക്കം. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നവരാണ് രാജിവച്ചവരിൽ ഭൂരിഭാഗവും.
25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോയൽ 2021 ലാണ് കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്ക് എത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദർശ് നഗറിൽ നിന്ന് എഎപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ഗോയൽ പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി കൗൺസിലർമാരുടെ രാജി.
പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം പരിഹരിക്കുന്നതിനായി സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി മുൻമന്ത്രി സൗരവ് ഭരദ്വാജിനെ ദില്ലി യൂണിറ്റ് പ്രസിഡണ്ടായി നിയമിച്ചിരുന്നു. എന്നാൽ അഴിച്ചുപണികൾക്കൊടുവിലും പാർട്ടിക്കുള്ളിലെ പോര് പരിഹരിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.