ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവിൽ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.
അതിനിടെ, എസ് ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. അതിർത്തി സംസ്ഥാനങ്ങളിൽ പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ഹരിയാന, ബീഹാർ, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. അതിനിടെ, രജൗരിയിൽ ചാവേർ ആക്രമണമുണ്ടായി. അതേസമയം, കൊച്ചി ദക്ഷിണ നാവിക സേനാ കമാൻഡിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. സ്റ്റേജ് 2 വിലേക്ക് സുരക്ഷ ഉയർത്തി.
അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിലവിൽ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ പറന്നത്.