ദില്ലിയില്‍ സഹപ്രവര്‍ത്തകയെ കൊന്ന് കനാലില്‍ തള്ളി, വര്‍ഷങ്ങള്‍ കുടുംബത്തെ തെറ്റിധരിപ്പിച്ചു; ഒടുവില്‍ പൊലീസുകാരന്‍ കുടുങ്ങി

news image
Oct 2, 2023, 9:14 am GMT+0000 payyolionline.in

ദില്ലി: മുന്‍ സഹപ്രവര്‍ത്തകയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ എറിഞ്ഞ സംഭവത്തില്‍രണ്ട് വര്‍ഷത്തിന് ശേഷം പൊലീസുകാരന്‍ അറസ്റ്റില്‍. മോന യാദവ് എന്ന പൊലീസുകാരിയെ കാണാതായതില്‍ നീതി തേടിയുള്ള സഹോദരിയുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അറസ്റ്റ്. 2021ലാണ് മോന യാദവിനെ കാണാതാവുന്നത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹര്‍ സ്വദേശിനിയായിരുന്നു മോന. ഉത്തര്‍ പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് വെടിയേറ്റ് 2011ലാണ് കൊല്ലപ്പെട്ടത്. മകളെ ഐഎഎസ് ഉദ്യോഗസ്ഥയായി കാണണം എന്ന പിതാവിന്റെ ആഗ്രഹം പിന്തുടര്‍ന്ന മോന 2014ലാണ് ദില്ലി പൊലീസില്‍ ചേരുന്നത്.

 

 

കണ്‍ട്രോള്‍ റൂമിലെ പരിശീലന കാലയളവിലാണ് റാണ എന്ന ഹെഡ് കോണ്‍സ്റ്റബിളിനെ മോന പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 27കാരിയായ മോനയെ 2021 ല്‍ ഇയാള്‍ കൊലപ്പെടുത്തിയത്. ഭാര്യയുടെ സഹോദരന്മാരുടെ സഹായത്തോടെയായിരുന്നു ഇയാള്‍ കേസ് ഒതുക്കി വച്ചത്. മോന പൊലീസില്‍ ചേര്‍ന്ന സമയത്ത് റാണ ഇവരുടെ ഉത്തര്‍ പ്രദേശിലെ വീട് സന്ദര്‍ശിച്ചിരുന്നു. യുപിഎസ്സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായാണ് മോന 2020ല്‍ മുഖര്‍ജി നഗറില്‍ താമസം ആരംഭിച്ചത്. മകളെ പോലെ മോനയെ കരുതിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മോനയുടെ കുടുംബത്തിനും അടുപ്പമുണ്ടായിരുന്നു.

 

 

2021 ഒക്ടോബറിലാണ് മോനയെ കാണാതാവുന്നത്. സുരേന്ദ്ര റാണയോട് മകളേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം വിവരമില്ലെന്നായിരുന്നു മറുപടി. ഇതോടെ മോനയുടെ സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ മോന ജീവിച്ചിരിക്കുന്നതായും വിവാഹിതയായും വിവരം ലഭിച്ചതായി ഇയാള്‍ കുടുംബത്തെ അറിയിച്ചു. റാണയുടെ ഭര്‍തൃ സഹോദരനെയാണ് വിവാഹം ചെയ്തതെന്നാണ് റാണ വിശദമാക്കിയത്. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ഒളിവിലാണ് രണ്ട് പേരുമെന്നായിരുന്നു ഇയാള്‍ വ്യക്തമാക്കിയത്. ഇതോടെ മോനയുടെ സഹോദരിക്ക് സംശയമായി. കുടുംബത്തെ മോനയുടെ ശബ്ദം കേള്‍പ്പിച്ച് തെറ്റിധരിപ്പിക്കാനും പൊലീസുകാരന്‍ ശ്രമിച്ചു. എന്നാല്‍ മോനയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച സഹോദരിക്ക് കാര്‍ഡ് ഉപയോഗിച്ച സമയത്ത് കണ്ടെത്താന്‍ കഴിഞ്ഞത് പുരുഷന്‍മാരെ മാത്രമായിരുന്നു. റാണ നല്‍കിയ വിവരം പിന്തുടര്‍ന്ന് നിരവധി സ്ഥലങ്ങളിലെത്തിയെങ്കിലും അനുജത്തിയെ മാത്രം കണ്ടെത്താനാവാതെ വന്നതോടെയാണ് കുടുംബത്തിന് റാണയെ സംശയമായത്. ഇതിനിടെ മോനയെന്ന പേരില്‍ റാണ ഒരു സത്രീയെ കൊവിഡ് വാക്സിനടക്കം ഏടുപ്പിച്ചിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി കണ്ടതോടെയാണ് തങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന സംശയം അധികരിച്ചത്.

 

 

ഇതോടെ ദില്ലി പൊലീസ് കമ്മീഷണറെ കണ്ട് മോനയുടെ സഹോദരി കേസിലെ വിവരങ്ങള്‍ ധരിപ്പിച്ചു. കാണാതായി എട്ടാം മാസമായിരുന്നു ഇത്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതും സംഭവത്തിലെ ദുരൂഹത നീങ്ങുന്നതും. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മോനയുടെ സഹോദരി. കുടുംബത്തിന് അന്ത്യകർമങ്ങൾ നടത്തുന്നതിനായി മോനയുടെ ഭൗതികാവശിഷ്ടങ്ങൾ വീണ്ടെടുക്കണമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇവർ അഭ്യർത്ഥിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe