ദില്ലിയിലെ കനത്ത മഴ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത കുരുക്കിൽപെട്ടു

news image
Jun 28, 2024, 7:20 am GMT+0000 payyolionline.in
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം നേരം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഗത കുരുക്കിൽ കിടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം.

ദില്ലി സുർജിത് ഭവനിൽ സിപിഎം കേന്ദ്രം കമ്മറ്റി യോഗം ആരംഭിച്ചു. യോഗം മൂന്ന് ദിവസം നീണ്ടുനിൽക്കും. പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം യോഗം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്. ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിർദേശം. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഏതുതരം തിരുത്തൽ വേണമെന്നതിൽ ദില്ലിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം നിർണായകമാകും. സംസ്ഥാനങ്ങളിലെ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ചയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe