തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

news image
Aug 5, 2026, 2:28 am GMT+0000 payyolionline.in

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി

മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കോഴിക്കോടും കണ്ണൂരും പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും പ്രവർത്തിക്കാം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കോ അഭിമുഖങ്ങൾക്കോ മാറ്റമില്ല. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe