‘ടാപ്പിൽ ചോർച്ച ഉണ്ടെങ്കിൽ മുകൾഭാഗം അഴിക്കുക. ഒരു ലോഹദണ്ഡും അതിന്റെ അടിഭാഗത്തായി ഒരു നട്ടും കാണാം. അതിനടിയിലുള്ള റബർ ബുഷ് മാറ്റി പുതിയത് ഇടുക. നട്ട് മുറുക്കി മുകൾഭാഗം ഉറപ്പിക്കുക. ചോർച്ച ഉണ്ടോയെന്ന് വീണ്ടും പരിശോധിക്കുക’ –- ഒമ്പതാം ക്ലാസിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ‘പൈപ്പുകളും ഫിറ്റിങ്ങുകളും–- പ്ലംമ്പിങ്ങിന് ഒരു വഴികാട്ടി’ പുസ്തകത്തിലെ ഒരു ഭാഗമാണ് ഇത്. നമ്മുടെ സ്കൂളുകൾ പൊതു അറിവുകൾക്കൊപ്പം തൊഴിൽ നൈപുണികൂടി നേടാനുള്ള ഇടമായി മാറുകയാണ്. രാജ്യത്താദ്യമായാണ് സ്കൂൾ തലത്തിൽ ഇത്തരത്തിൽ തൊഴിൽ പഠനത്തിന് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. കേരള മാതൃക വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. പൊതുവിദ്യാഭ്യാസമേഖലയുടെ നവീകരണത്തിന്റെ ഭാഗമാണിത്.
അഞ്ചാം ക്ലാസുമുതൽ
പ്രവൃത്തിപരിചയ പിരീഡുകളിലാണ് ഈ പുസ്തകങ്ങൾ പഠിപ്പിക്കുക. അഞ്ചാം ക്ലാസ് മുതൽ എട്ടുവരെ പ്രവൃത്തിപരിചയത്തിന് മൂന്ന് പിരീഡും ഒമ്പതിൽ രണ്ടും പത്തിൽ ഒരു പീരിഡും ഉറപ്പാക്കണമെന്ന് ഉത്തരവുണ്ട്. എന്നാൽ, പാഠപുസ്തകങ്ങളും ആവശ്യത്തിന് അധ്യാപകരും ഇല്ലാതിരുന്നതിനാൽ ഈ പിരീഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുകയാണ് ചെയ്തിരുന്നത്. തൊഴിൽ പഠനത്തിന് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകൾക്കും എട്ടുമുതൽ പത്തുവരെ ക്ലാസുകൾക്കും ഒന്നുവീതം അധ്യാപക പഠനസഹായി മാത്രമാണ് മുമ്പ് ഉണ്ടായിരുന്നത്. ഈ അധ്യയന വർഷംമുതൽ അഞ്ചിലും ആറിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഒരു പാഠപുസ്തകം ഉണ്ടാകും.
10 തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏഴിലെയും എട്ടിലെയും പുസ്തകത്തിൽ 12 തൊഴിൽമേഖല പഠിപ്പിക്കും. ഒമ്പതാം ക്ലാസിൽ താൽപ്പര്യമുള്ള മേഖലകളിൽ സൂക്ഷ്മമായി ഇടപെടാനും പ്രവർത്തനത്തിലേർപ്പെട്ട് നൈപുണികൾ ആർജിക്കാനും സഹായകമാകുന്ന 12 പുസ്തകങ്ങൾ ഉണ്ട്. പത്താം ക്ലാസിൽ തൊഴിൽ സംരംഭ സാധ്യതകളും ഉന്നത പഠനസാധ്യതകളും അന്വേഷിക്കാനും പൊതുപഠനത്തിനുശേഷം ഏതു മേഖലയിലേക്ക് മാറണമെന്ന് പ്രാഥമികമായി തീരുമാനമെടുക്കുന്നതിനും കഴിയുന്ന വിധമാണ് പുസ്തകം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് അറുനൂറോളം വർക്ക് എഡ്യൂക്കേഷൻ അധ്യാപകർ നിലവിലുണ്ട്. അധ്യാപകരില്ലാത്ത സ്കൂളുകളിൽ മറ്റ് വിഷയങ്ങളുമായി ഉൾച്ചേർത്ത് ഈ പാഠഭാഗങ്ങളും പഠിപ്പിക്കും.
നവ കാർഷിക സാങ്കേതികവിദ്യകളും
കൃഷി, മാധ്യമപ്രവർത്തനം, ഭക്ഷ്യവ്യവസായം, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ധനകാര്യം, പാർപ്പിടം, വസ്ത്ര നിർമാണം, ടൂറിസം, പാഴ്വസ്തു പരിപാലനം, പ്ലംമ്പിങ്, കരകൗശലം, പ്രിന്റിങ് മേഖലകളിലാണ് പ്രാഥമിക തൊഴിൽ അറിവ് വിദ്യാർഥികൾക്ക് ലഭ്യമാകുക. ഒമ്പതിലെ വിളവിന്റെ വിജ്ഞാനം പുസ്തകത്തിൽ സുസ്ഥിര പച്ചക്കറി കൃഷിയെക്കുറിച്ചും ഈ മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനൊപ്പം നവകാർഷിക സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നു. ഹരിതസാങ്കേതിക വിദ്യയിലൂടെ പാഴ്വസ്തു പരിപാലനത്തെക്കുറിച്ചുള്ള അറിവും കുട്ടികൾക്ക് ക്ലാസിൽ ലഭ്യമാകും.
പത്താം ക്ലാസിൽ പാഴ്വസ്തു സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ തൊഴിൽ മേഖലകളെക്കുറച്ചുള്ള അറിവ് നൽകുന്നു. ഭക്ഷ്യമേഖലയിലെ രുചിഭേദങ്ങളും അവതരണശൈലികളും ശുചിത്വശീലങ്ങളും ഈ മേഖലയിൽ വിജയിക്കാനാവശ്യമായ തൊഴിൽ നൈപുണികളും രുചിക്കൂട്ടുകളുടെ ലോകമെന്ന പ്രവർത്തന പുസ്തകത്തിൽ പ്രതിപാദിക്കുന്നു. യാത്രകൾ പ്രോത്സാഹിപ്പിക്കുകയും തൊഴിലുകളും ഈ മേഖലയിലെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക സ്വാധീനം മനസ്സിലാക്കാനും കഴിയുന്നതാണ് വിനോദസഞ്ചാര ലോകത്തെക്കുറിച്ചുള്ള പഠനം. വീട്ടുപകരണങ്ങൾമുതൽ നൂതനമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾവരെയുള്ള വൈദ്യുതി സംവിധാനങ്ങളുടെ അടിസ്ഥാനതത്വങ്ങളിൽ പ്രായോഗിക പരിശീലനം ഉറപ്പുവരുത്തുന്നതാണ് ഒമ്പതിലെ ഇസി– ട്രോണിക്സ് എന്ന പുസ്തകം. ഓരോ പുസ്തകത്തിലും പ്രായോഗിക പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ഉറപ്പാക്കുന്നുണ്ട്.