തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം ലക്ഷ്യം; പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ

news image
May 16, 2023, 12:03 pm GMT+0000 payyolionline.in

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരം സംസ്ഥാനത്ത്  210 സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്‌ഘാടനം എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ ആർ സുപ്രിയ അധ്യക്ഷയായിരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴിൽസാധ്യതയ്ക്കും അനുഗുണമായ വൈദഗ്‌ധ്യം  യുവജനങ്ങളിൽ എത്തിക്കാൻ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുവിദ്യാലയങ്ങളിൽ നേരിട്ടെത്തി തുടർ പഠനം പൂർത്തിയാക്കാൻ കഴിയാത്തതും പത്താം ക്ലാസ് കഴിഞ്ഞതുമായ 21 വയസ്സിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ പിന്തുണ നൽകും. പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയെ കുറിച്ചും വികാസ മേഖലകളെ കുറിച്ചും സാധ്യതയെ സംബന്ധിച്ചും  കൃത്യമായ അവബോധം സൃഷ്ടിക്കാൻ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ വഴിയൊരുക്കും. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 168 ബിആർസി കേന്ദ്രങ്ങളുടെയും പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട  സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതി  സംസ്ഥാന  സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

210 നൈപുണ്യവികസന കേന്ദ്രങ്ങളുടെ  സംസ്ഥാനതല പ്രവർത്തന വിശദീകരണ ശില്പശാലയും  ഇതോടൊപ്പം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനും സമഗ്ര ശിക്ഷ – സ്റ്റാർസ് പദ്ധതിക്കും നാഴികക്കല്ലാകുന്ന വൈജ്ഞാനിക കർമ്മ പദ്ധതിയാണ്  സ്‌കിൽ ഡെവലപ്പ്മെൻറ് സെന്ററുകൾ. ആറ് മാസത്തെ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ എൻ എസ് ക്യു എഫ് (നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്) സർട്ടിഫിക്കറ്റ് ലഭിക്കും. സ്വദേശത്തും വിദേശത്തും അടക്കം നിരവധി തൊഴിൽ സാദ്ധ്യതകൾ ഉള്ള  14 കോഴ്സുകളാണ് സ്കിൽ ഡെവലപ് മെൻറ് സെന്ററുകളിൽ ആരഭിക്കുക.

ഫിറ്റ്നസ് ട്രൈനർ, ടെലികോം ടെക്‌നിഷ്യൻ – ഐ ഒ  ടി ഡിവൈസ് /സിസ്റ്റംസ്, എ ഐ ഡിവൈസ് ഇൻസ്റ്റാളേഷൻ ഓപ്പറേറ്റർ, കാർഗോ ഹാൻഡ്‌ലെർ -മാന്വൽ, ഡ്രോൺ സർവീസ് ടെക്‌നിഷ്യൻ, ഫുഡ് & ബീവറേജ്  സർവീസ് – അസ്സോസിയേറ്റ്, കിസാൻ ഡ്രോൺ ഓപ്പറേറ്റർ, ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നിഷ്യൻ, ബേക്കിംഗ് ടെക്‌നിഷ്യൻ, ഗ്രാഫിക് ഡിസൈനർ, ജൂവലറി ഡിസൈനർ എന്നിവയാണ് ആദ്യഘട്ടത്തിൽ  ഉൾപ്പെടുത്തി പരിശീലനം നൽകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe