കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത്. ഹാജിറോഡ്- അയ്യപ്പൻകാവ് റോഡിൽ ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
Jan 8, 2025, 8:28 pm IST
കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത്. ഹാജിറോഡ്- അയ്യപ്പൻകാവ് റോഡിൽ ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കൊട്ടിയൂരിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയായ രമണി, തന്റെ സ്കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെയുള്ള റോഡ് ഇവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാൽ സ്കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്.
റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഓടയിലേക്ക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. രമണി വാഹനത്തിൽ നിന്ന് തെറിച്ചുപോയി. ഇവരുടെ തല മരത്തിലും സമീപത്തെ ഒരു കല്ലിലും ഇടിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ രമണിയുടെ ഹെൽമറ്റ് പൂര്‍ണമായും തകര്‍ന്നുപോയി. ആശുപത്രിയിലെത്തിച്ചെങ്കിലും രമണിയുടെ ജീവൻ രക്ഷിക്കാനായില്ല.
മുഴക്കുന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിവാഹിതയാണ് രമണി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.