തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തുമ്പോൾ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വീണ്ടും കേരളത്തിൽ. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉച്ചയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ വഴി ചങ്ങനാശ്ശേരി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങും. അവിടെ നിന്ന് റോഡ് മാർഗം തിരുവല്ലയിൽ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമം നടക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയാണ് റോഡ് ഷോ. ശേഷം ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ജില്ലകളിലായി യുഡിഎഫിന്റെ നാല് പരിപാടികളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. രാവിലെ പത്ത് മണിക്ക് രാഹുൽ ഗാന്ധി കൊച്ചിയിലെത്തും. ആദ്യം ആലപ്പുഴയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ആലപ്പുഴയിലെ പൊതുയോഗത്തിൽ പങ്കെടുത്ത് കട്ടപ്പനയിലേക്ക് തിരിക്കും. ശേഷം എറണാകുളത്തെത്തി രണ്ട് പരിപാടിയിൽ സംസാരിക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസിന് വേണ്ടിയും കുന്നത്തുനാട്ടിൽ വി പി സജീന്ദ്രന് വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
നേരത്തെയും ഇരു നേതാക്കളും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. പത്തനംതിട്ടയിലും കോട്ടയത്തുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രചാരണം. പാലക്കാട്ടെ കോട്ട മൈതാനിയിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതു സമ്മേളനം നടന്നത്.
