തിരുവനന്തപുരം: ശസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർഥി ആർ.ശ്രീലേഖക്ക് കുരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ എൻ.ഡി.എ ജയിക്കുമെന്ന പ്രവചിക്കുന്ന സർവേഫലം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ശ്രീലേഖക്ക് തിരിച്ചടിയായത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. വി.ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച ആരോപണം ആദ്യമായി ഉന്നയിച്ചത്.
പ്രീ പോൾ സർവ്വേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐ.പി.എസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും ശ്രീലേഖ രംഗത്ത് വന്നിരുന്നു.
നേരത്തെ തിരുവനന്തപുരത്ത് 60 സീറ്റുകൾ നേടുമെന്ന ആ.ശ്രീലഖയുടെ പ്രതികരണം വെറും വ്യാമോഹം മാത്രമാണെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.m രാഷ്ട്രീയ അജ്ഞത കൊണ്ടാണ് അങ്ങനെ പറയുന്നത്. ഇക്കുറി എൽ.ഡി.എഫ് തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതി മെച്ചപ്പെടുത്തു. ബി.ജെ.പി വിജയിച്ച പല പഞ്ചായത്തുകളും എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞിരുന്നു.
