തൃശ്ശൂരിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റുകൾ നൽകിയെന്ന പരാതി; കേസെടുത്തു

news image
Apr 5, 2026, 3:58 am GMT+0000 payyolionline.in

തൃശ്ശൂർ: ഒളരിയിൽ വോർട്ടർമാർക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു ‘കാർത്തിക’ സൂപ്പർമാർക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പർമാർക്കറ്റിൽ കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്.

വോട്ടിന് കിറ്റ് നൽകിയെന്നാരോപിച്ച് എൽഡിഎഫ് ആയിരുന്നു പരാതി നൽകിയത്. ശിവരാമപുരം നഗറിലെ താമസക്കാർക്കാണ് സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തത്. എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 26 കിറ്റുകൾ പിടിച്ചെടുത്തു.

ബിജെപി കിറ്റ് നൽകുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകൾ സൂപ്പർ മാർക്കറ്റിലെത്തിയതോടെയാണ് പരാതി ഉയർന്നത്. അയൽക്കാർ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാൻ വന്നതെന്നാണ് മൂവരും റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. രാധാകൃഷ്ണൻ എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകൾ ഓർഡർ ചെയ്തുവെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകൾ ഇതുവരെ ആളുകൾ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകൾ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ  പ്രതികരിച്ചു. രാധാകൃഷ്ണൻ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe