തൃശൂ‍ർ ജില്ലയിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പളളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

news image
Mar 1, 2024, 9:46 am GMT+0000 payyolionline.in

കൊച്ചി ∙ ഇടവകാംഗമായ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം കഠിനതടവായി ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് കുറച്ചു. വികാരിക്ക് ഒളിവിൽ പോകാൻ സഹായം ചെയ്തു കൊടുത്തു എന്നതിന്റെ പേരിൽ വിചാരണ കോടതി ശിക്ഷിച്ച അദ്ദേഹത്തിന്റെ സഹോദരനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു.

തൃശൂ‍ർ ജില്ലയിലെ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഫാ.എഡ്വിൻ ഫിഗരസ് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2014–2015 കാലയളവിൽ തുടർച്ചയായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തുടർന്ന് എറണാകുളം പോക്സോ കോടതി ഫാ.ഫിഗരസിനു ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസെടുത്തതോടെ ഫാ.ഫിഗരസ് ഒളിവില്‍ പോവുകയും പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാൻ ഫാ.എഡ്വിൻ ഫിഗരസിനെ സഹായിച്ചു എന്ന പേരിൽ സഹോദരൻ സിൽവസ്റ്റർ ഫിഗരസിനെയും വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ മറ്റൊരു കാര്യം പറഞ്ഞാണ് ഫാ.ഫിഗരസ് സഹോദരന്റെ കാറുമായി പോയത് എന്നതു വിശ്വസിക്കാതിരിക്കാൻ കാരണമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പ്രതി ഒരു പുരോഹിതൻ ആയതിന്റെ ബഹുമാനം ആ സമൂഹത്തിലുണ്ടെന്നും അതുകൊണ്ടു സഹോദരൻ പറഞ്ഞത് സില്‍വസ്റ്റർ വിശ്വസിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കുകയും ചെയ്തു.

അതേസമയം, ഫാ.എ‍ഡ്വൻ ഫിഗരസിനെതിരായ കുറ്റം യാതൊരു സംശയവുമില്ലാതെ തെളിഞ്ഞിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി. അതിജീവിതയായ പെൺകുട്ടിയുടെ മൊഴിയും മെഡിക്കൽ തെളിവുകളും സാക്ഷി മൊഴികളുമെല്ലാം പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ കുറ്റക്കാരനെന്ന വിചാരണ കോടതി വിധി നിലനില്‍ക്കും. എന്നാൽ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ശിക്ഷാ വിധി പരിഷ്കരിക്കുകയാണെന്നും ജീവപര്യന്തത്തിനു പകരം 20 വർഷത്തെ കഠിനതടവിനു ശിക്ഷിക്കുകയാണെന്നും കോടതി വിധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe