തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന വെടിക്കെട്ട് നിയന്ത്രണം; എല്‍ഡിഎഫ് പ്രതിഷേധ സംഗമം 30ന്

news image
Oct 27, 2024, 4:31 pm GMT+0000 payyolionline.in

തൃശൂര്‍: തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തൃശൂര്‍ നടുവിലാലില്‍ ജങ്ഷനില്‍ പ്രതിഷേധ പരിപാടി സി പി എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

സി പി എം. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സി പി ഐ. ജില്ലാ സെക്രട്ടറി കെ കെ  വത്സരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. തൃശൂര്‍ നഗരത്തില്‍ വെടിക്കെട്ടിന്റെ ദൂരപരിധി പ്രായോഗികമായി ഇതു നടത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഉയര്‍ത്തിയത് ദുരുദ്ദേശപരമാണ്.

ഒരു ഭാഗത്ത് കേരള സര്‍ക്കാര്‍ പൂരം കലക്കി എന്ന് ആക്ഷേപിക്കിക്കുകയും മറുഭാഗത്ത് പൂര നടത്തിപ്പ് തന്നെ തടസപ്പെടുത്തുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി  പ്രതിനിധി ഇതുവരെ പ്രശ്‌നത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ല. യു ഡി എഫും വിഷയത്തില്‍ ഒളിച്ചു കളിക്കുകയാണെന്നും എൽഡിഎഫ് ആരോപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe