തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ, വ്യാപാര കേന്ദ്രങ്ങളിൽ വ്യാപക ജി.എസ്.ടി റെയ്ഡ്. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കണക്കിൽപെടാത്ത 104 കിലോയിലധികം സ്വർണം പിടികൂടി.
ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 700ലധികം ഉദ്യോഗസ്ഥരടങ്ങിയ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും തൃശൂർ നഗരത്തിലെയും സ്വർണ വ്യാപാര കേന്ദ്രങ്ങളിലും സ്വർണക്കടകളിലും ഒരേസമയം റെയ്ഡ് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പരിശോധന ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് നടന്നതിൽവെച്ച് ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡാണ് തൃശൂരിലുണ്ടായത്. കടകൾക്ക് പുറമേ വ്യാപാരികളുടെ വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലും സംഘം പരിശോധനക്കെത്തി. ആഭരണ നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് അധികവും കണക്കിൽപെടാത്ത സ്വർണം പിടികൂടിയത്.
ജി.എസ്.ടി സ്പെഷൽ കമീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. നിലവിൽ 74 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നും വ്യാഴാഴ്ച രാവിലെ വരെ തുടർന്നേക്കുമെന്നും ജി.എസ്.ടി സംഘം അറിയിച്ചു. അതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.
അടുത്തിടെ സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ തൃശൂർ നഗരപരിധിയിൽതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണത്തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് സ്വർണാഭരണ നിർമാണ ശാലകളും സ്വർണാഭരണ മൊത്ത വ്യാപാര സ്ഥാപനങ്ങളും ജില്ലയിലുണ്ട്.