തുറയൂർ: തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ വായനദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും മലയാളം ഐക്യവേദി പ്രവർത്തകനുമായ ഷിജു ആർ നിർവഹിച്ചു. കുട്ടികളോട് സംവദിക്കുന്നതിനിടയിൽ
വായനയിലൂടെ അറിവും അനുഭവവും ഭാവനയും വളർത്തി ക്രിയേറ്റീവ് ആയ മനുഷ്യനായി തീരാൻ അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് സുചിത്ര ടീച്ചർ അധ്യക്ഷതവഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ നജ്മുന്നിസ ടീച്ചർ സ്വാഗതവും വിജിലേഷ് മാസ്റ്റർ ആശംസയും അറിയിച്ചു. പൂർവ്വ വിദ്യാർത്ഥികളായ അഫീഫാ സലാം, റാഫിനാ റസാക്ക് എന്നീ വളർന്നുവരുന്ന എഴുത്തുകാരികളെ പിടിഎ പ്രസിഡണ്ട് യു.സി വാഹിദ് മാസ്റ്റർ അനുമോദിച്ചു. അധ്യാപകർക്കിടയിൽ വളർത്തുന്ന വായനാശീലത്തിന്റെ ഭാഗമായി “സായാഹ്ന വായന” എന്ന പരിപാടിയിൽ നിന്നും നൗഷാദ് മാസ്റ്റർ രഞ്ജന ടീച്ചർ എന്നിവർ പുസ്തക പരിചയം നടത്തി. തുടർന്ന് കുട്ടികൾ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, കവിത പാരായണം, പുസ്തകപരിചയം എന്നിവ നടത്തി.