തുറയൂർ: കേരളത്തിലെ അറിയപ്പെടുന്ന കുടുംബവും യമനി പാരമ്പര്യമുള്ള ചുരുക്കം ചില കുടുംബങ്ങളിൽ പെട്ടതുമായ ചരിച്ചിൽ പള്ളിക്കൽ തറവാട് കുടുംബ സംഗമം ഇരിങ്ങത്ത് ഗ്രീൻ ഓക്ക് കൺവെൻഷൻ സെന്ററിൽ നടന്നു. 17ാ നൂറ്റാണ്ടിൽ ഇസ്ലാംമത പ്രചാരകരായി കേരളത്തിലെത്തിയ ശൈഖ് അലി മഅ്ബരി സ്ഥാപിച്ചതും ശൈഖ് ഫരീദ് ഇബനു മുഹ്യിദ്ദീൻ-മാമബി ദമ്പതികളുടെ സന്താനപരമ്പരയിലൂടെ വളർന്നതുമായ പള്ളിക്കൽ തറവാടിന് നാല് നൂറ്റാണ്ടുകളുടെ ചരിത്ര പരമ്പര്യമുണ്ട്.
രാവിലെ ചരിച്ചിൽ മഖാമിൽ നടന്ന പ്രാർത്ഥനക്ക് കുടുംബാംഗമായ അലിസഅദി നേതൃത്വം നൽകി. സിയാറത്ത് പരിപാടിയിൽ നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. തുടർന്ന് ഇരിങ്ങത്ത് ഗ്രീൻ ഓക്ക് ഓഡിറ്റോറിയത്തിലെ സംഗമത്തിലായി തറവാട്ടിലെ പന്ത്രണ്ട് കുടുംബങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറോളം കുടുംബാഗങ്ങളാണ് പരസ്പരം സ്നേഹം പങ്കുവെച്ചത്. അതിൽ ആറ് മാസം പ്രായമുള്ളവർ മുതൽ എൺപത് വയസ്സിൽ കൂടുതലുള്ള കുഞ്ഞോത്ത് കുഞ്ഞാമു സാഹിബ് വരെയുള്ളവരുടെ തലമുറകൾ സംഗമത്തിന് മാറ്റ് കൂട്ടി.
കെ വി അബ്ദുൾ ഹക്കീം ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ചരിച്ചിൽ പള്ളിക്കൽ ഫാമിലി കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പള്ളിക്കൽ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ചരിച്ചിൽ മഹല്ല് ഖാസി ഇ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രൈനറും,പള്ളിക്കൽ കുടുംബാഗവുമായ ഷർഷാദ് പുറക്കാട് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി.ജനറൽ കൺവീനർ ടി പി നാസർ മൂസ സ്വാഗതവും ചീഫ് കോ ഓഡിനേറ്റർ ഇബ്രാഹിം സിപി കുടുംബ ചരിത്ര അവതരണവും നടത്തി.
പന്ത്രണ്ട് മുഖ്യകുടുംബങ്ങളെ പ്രതിനിധീകരിച്ച്, സിപി അബ്ദുൾ കരീം, മുഷ്‌രിഫ് ഖാദർ ഹാജി, തറമ്മൽ കുഞ്ഞമ്മദ്, സിവി കുഞ്ഞമ്മദ് മേമുണ്ട, പള്ളിക്കൽ എ കെ അഷ്‌റഫ്, എംവി അബ്ദുൾ മജീദ്, ഹക്കീം തയങ്കൽ,ഫൈസൽ മാസ്റ്റർ കെ.പി,ഗഫൂർ മാസ്റ്റർ കുന്നോത്ത്,അബ്ദുറഹിമാൻ സഖാഫി,ലത്തീഫ് മുക്കോലക്കൽ,ഇ.കെ ഹറൂൺ,അബ്ദുൽ ഹസീബ് എ.കെ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വേദിയിൽ കുടുംബങ്ങളെ പരിചയപ്പെടൽ,എൽ.എസ്.എസ്, യു.എസ്.എസ് നേടിയ കുട്ടികൾക്കുള്ള അനുമോദനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. ചടങ്ങിന് നൗഫൽ കുനിക്കാട്ട് നന്ദി പ്രകാശിപ്പിച്ചു.