തുരങ്കപാത വരും, കുരുക്കഴിയും; ചുരം തൊടാതെ യാത്ര

news image
Aug 30, 2025, 3:21 am GMT+0000 payyolionline.in

കോഴിക്കോട്‌: താമരശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞതോടെ വയനാട്‌ ഏതാണ്ട്‌ ഒറ്റപ്പെട്ട നിലയിലാണ്‌. ഇന്ധന ടാങ്കറുകളും ബസുകളുമടക്കം ചുരം കയറാനാകാതെ അടിവാരത്ത്‌ കുടുങ്ങിയതോടെ അവശ്യസാധനങ്ങൾപോലും എത്തുമോയെന്ന ആശങ്ക ഉയർന്നു. ബദൽ പാതയെന്ന ദീർഘകാല ആവശ്യത്തിലേക്കാണ്‌ ഇ‍ൗ പ്രതിസന്ധി വിരൽചൂണ്ടിയത്‌. ഞായറാഴ്ച നിർമാണ പ്രവർത്തനങ്ങളിലേക്ക്‌ കടക്കുന്ന ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാതയുടെ സുപ്രധാന ലക്ഷ്യവും ചുരം തൊടാതെ വയനാട്ടിലേക്കും തിരിച്ചുമുള്ള കുരുക്കില്ലാ യാത്രയാണ്‌.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പൻ തെളിച്ച പാതയിലൂടെയാണ്‌ ഇപ്പോഴും താമരശേരി ചുരം കയറിയിറങ്ങുന്നത്‌. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ റോഡ്‌ മാർഗമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടനാഴികൂടിയാണ്‌ ചുരം. പലപ്പോഴും ഗതാഗതകുരുക്ക്‌ മണിക്കൂറുകൾ നീളും. ചുരത്തിന്റെ വികസനത്തിൽ പരിമിതികളുണ്ട്‌. വനം മന്ത്രാലയത്തിന്റെ അനുമതിയടക്കമുള്ളവയും പ്രതിസന്ധികളാണ്‌. വാഹനപ്പെരുപ്പംകൂടിയതോടെയാണ്‌ ബദൽ പാതയെന്ന ആശയം ഉയർന്നത്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിൽ എൽഡിഎഫാണ്‌ ആനക്കാംപൊയിലിൽനിന്ന്‌ വയനാട്‌ മേപ്പാടിയിലെ കള്ളാടിവരെ തുരങ്കപാത നിർമിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്‌.

2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയിൽ പദ്ധതി ഇടംപിടിച്ചു. തുടർന്നിങ്ങോട്ട്‌ ഇച്ഛാശക്തിയോടെ നടത്തിയ പ്രവർത്തനങ്ങളാണ്‌ തുരങ്കപാതയെന്ന ആശയത്തിന്‌ ജീവനേകിയത്‌. 2134.5 കോടി രൂപ ചെലവിലാണ്‌ തുരങ്കപാത നിർമിക്കുന്നത്‌. അഞ്ച്‌ വർഷമാണ്‌ കാലാവധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും മൂന്ന്‌ വർഷത്തിനുള്ളിൽ പൂർത്തീകരിക്കാമെന്നാണ്‌ കൊങ്കൺ റെയിൽവേ കോർപറേഷൻ നൽകുന്ന ഉറപ്പ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe