തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേല്‍ യുദ്ധടാങ്കുകൾ

news image
Oct 27, 2023, 10:00 am GMT+0000 payyolionline.in

ടെൽ അവീവ്: തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തി ഇസ്രയേല്‍ യുദ്ധടാങ്കുകൾ. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തി. അതേസമയം, സൈനിക നടപടിക്ക് ഇടവേള നൽകി ഗാസയിൽ സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നിരിക്കുകയാണ്.

മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളിൽ യുദ്ധടാങ്കുകൾ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം. ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഈ ആക്രമണം ഹമാസ് – ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗം അല്ലെന്നും അമേരിക്കയ്ക്ക് നേരെ പ്രകോപനം സൃഷ്ടിക്കുന്ന ഇറാനുള്ള മറുപടി ആണെന്നും യുഎസ്
പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വിശദീകരിച്ചു.

അമേരിക്കൻ പൗരന്മാർക്കും താവളങ്ങൾക്കും നേരെ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറാന് മുന്നറിയിപ്പ് നൽകി. ഗാസയിലെ ആക്രമണത്തിന് പിന്തുണ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കയ്ക്ക് ഇറാനും മുന്നറിയിപ്പ് നൽകി. ആരൊക്കെ എതിർപക്ഷത്തു നിന്നാലും ഗാസയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല വ്യക്തമാക്കി.

അതേസമയം, ഒക്ടോബർ ഏഴിന് അതിർത്തി കടന്ന് ആക്രമണം നടത്തിയ സംഘത്തിന് സഹായം നൽകിയ മുതിർന്ന ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് നേരെ ഇസ്രയേൽ നടത്തിയ പരാമര്‍ശങ്ങളെ  മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ അപലപിച്ചു.

 

ഗാസയിലെ മാനുഷിക പ്രശ്നം ചർച്ച ചെയ്യുന്ന യുഎൻ പൊതുസഭ തുടരുകയാണ്. ഗാസയിലേക്കുള്ള അവശ്യ വസ്തു നീക്കം അതീവ മന്ദഗതിയിലാണെന്ന് യുഎന്നിൻ്റെ ലോക ഭക്ഷ്യ സംഘടന കുറ്റപ്പെടുത്തി. ആക്രമണത്തിന് ഇടവേള നൽകി ഗാസയ്ക്ക് സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, ഗാസയിൽ ഇസ്രയേൽ വ്യോമക്രമണം അതിശക്തമായി തുടരുകയാണ്. അൻപത് ബന്ദികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇരുന്നൂറിലേറെ ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളത്. അവരിൽ അമ്പത് പേർ കൊല്ലപ്പെട്ടെന്ന അറിയിപ്പ് അവരുടെ ബന്ധുക്കളെ ആശങ്കയിലാക്കി. മരണം ഏഴായിരം കടന്ന ഗാസയിൽ ഇന്ധനം നിലച്ചതോടെ യുഎൻ ഏജൻസികൾ അടക്കം സന്നദ്ധ പ്രവർത്തനം വെട്ടിച്ചുരുക്കി. ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടതോടെ ഓരോ നിമിഷവും കൂടുതൽ ജീവനുകള്‍ പൊലിയുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe