തീവ്രമഴ തുടരും; ഒന്‍പത് നദികളില്‍ പ്രളയസാധ്യത മുന്നറിയിപ്പ്

news image
May 27, 2025, 11:50 am GMT+0000 payyolionline.in

സംസ്ഥാനത്ത് തീവ്രമഴ തുടരും. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31–ാം തീയതി വരെ മഴ തു‌ടരും. രണ്ട് ന്യൂനമര്‍ദങ്ങളുടെ സ്വാധീനത്തിലാണ് കേരളം. ഒന്‍പത് നദികളില്‍ പ്രളയസാധ്യതാ മുന്നറിയിപ്പും നിലനില്‍ക്കുന്നു.  മഴക്കെടുതികളില്‍ 607 വീടുകള്‍ തകര്‍ന്നു. 456 പേരെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.

പാലക്കാട് തോട്ടില്‍  മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരണം 16 ആയി. വിവിധ ജില്ലകളില്‍ വീടുകള്‍ക്ക് മുകളില്‍ മരംവീണു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. എറണാകുളം കോതമംഗലത്തും പാലക്കാട് അട്ടപ്പാടിയിലും ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം.

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ പാലക്കാട് തകേങ്കുറുശ്ശിയില്‍ 44 കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ടത്.  രമേശിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്  മരിച്ചു. കോതമംഗലം പിടവൂരിലും കോട്ടപ്പടിയിലും  മരങ്ങള്‍ വീണ് വീടുകള്‍  തകര്‍ന്നു. ചെമ്പന്‍കുഴിയില്‍ ഒാട്ടോയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ശക്തമായ കാറ്റില്‍ ചേലാട്, പഴങ്ങര, നെല്ലിമറ്റം, ചെമ്പന്‍കുഴി, അയ്യപ്പന്‍ മുടി ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി മുടങ്ങി.

മരംവീണ് പാലക്കാട് അട്ടപ്പാടി നക്കുപ്പതിയില്‍ സണ്ണി, കൊഴിഞ്ഞാമ്പാറ കല്യാണി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. പത്തനംതിട്ട മുതുപേഴുങ്കലില്‍ രവികുമാറിന്‍റെ വീട്ടില്‍  മരം വീണ്  അടുക്കള തകര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് ചവനപ്പുഴയില്‍ മരംവീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ഒാട് പൊട്ടിവീണ് ഒന്‍പതുവയസുകാരി ദേവതീര്‍ഥയ്ക്ക് പരുക്കേറ്റു. ചെറുപുഴയില്‍ കാറ്റില്‍ പശുത്തൊഴുത്ത് തകര്‍ന്ന് ക്ഷീരകര്‍ഷകയ്ക്ക് പരുക്കേറ്റു. ഇടുക്കി തോപ്പിപ്പാള പെരിയോന്‍ കവല സ്വദേശി രാജേഷിന്‍റെ വീടിന്‍റെ മേല്‍ക്കൂര പറന്നുപോയി. ഷൊര്‍ണൂര്‍ ഗണേഷ്ഗിരി സെന്‍റ് ആന്‍റണീസ് സ്കൂളിന്‍റെ മേല്‍ക്കൂരയും തകര്‍ന്നു. തിരുവനന്തപുരം കല്ലാറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലേക്ക് കൂറ്റന്‍ കല്ലുകള്‍ വീണ് ഗതാഗതം തടസപ്പെട്ടു. കൊല്ലം സാമ്പ്രാണിക്കൊടി വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടിങ് സര്‍വ്വീസുകള്‍ റദ്ദാക്കി.

ചൂളം വിളിച്ച് ദുരിതം

കോഴിക്കോട് അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് വീണ്ടും  മരം വീണതിനെ തുടര്‍ന്ന് മുടങ്ങിയ  ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വന്ദേഭാരത് അടക്കമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാത്തതിനെതിരെ റെയില്‍വേക്കെതിരെ നാട്ടുകാര്‍ രംഗത്ത് എത്തി. അരീക്കാട് ഇന്നലെ രാത്രി മരം വീണതിന് 500 മീറ്റര്‍ മാറിയാണ് രാവിലെ ഏഴേമുക്കാലോടെ റെയില്‍വെ ലൈനിന് മുകളിലൂടെ മരം വീണത്. മരം മുറിച്ച് മാറ്റിയ ശേഷം 10 .15 ഓടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

ഇത്രയും നേരം കോഴിക്കോട് – ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ട്രെയിന്‍  ഓടിയില്ല. മരം ഒടിഞ്ഞു വീണതടക്കുമുള്ള പ്രശ്നങ്ങള്‍ റെയില്‍വെയുടെ  ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം വൈകി.  കണ്ണൂര്‍– ഷൊര്‍ണൂര്‍ പാസഞ്ചര്‍, നേത്രാവതി എക്സപ്രസ്, കണ്ണൂര്‍ –കോയമ്പത്തൂര്‍ പാസഞ്ചര്‍, പരശുറാം എക്സപ്രസ്, കോയമ്പത്തൂര്‍ എക്സപ്രസ് എന്നിവ വൈകിയോടി. നേത്രാവതി എക്സപ്രസ് രണ്ട് മണിക്കൂറോളമാണ് വൈകിയോടുന്നത്. ഇന്നലെ വൈകിട്ട് 6.50 ന്  അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് ആദ്യം  മരം വീണതിനെ തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് പുനസ്ഥാപിച്ചത്.

എറണാകുളത്തിന്‍റെ തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തമാണ്. ചെല്ലാനത്ത് വീടുകളിലേക്ക് വെള്ളംകയറി. മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. ജിയോബാഗ് എത്തിച്ച് കടല്‍ക്ഷോഭം തടയാന്‍ നടപടിയെടുക്കാമെന്ന ഉറപ്പ് ജില്ലാഭരണകൂടം പാലിച്ചില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്

തൃശൂര്‍ ചേരുംകുഴിയില്‍ കുളത്തില്‍ വീണ പത്തു വയസുകാരന്‍ മരിച്ചു. ചേരുംകുഴി നീര്‍ച്ചാലില്‍ വീട്ടില്‍ സുരേഷിന്‍റെ മകന്‍ സരുണ്‍ ആണ് മരിച്ചത്. ഒപ്പം വീണ എട്ടു വയസുള്ള സഹോദരന്‍ വരുണിനെ നാട്ടുകാര്‍ രക്ഷപെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe